‘പേട്രിയറ്റ്’ കണ്ട് തരുണ്‍ മൂര്‍ത്തി

കൊച്ചി: മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ അടക്കം നീളുന്ന താരനിരയും. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ ഇതുവരെ എത്തിയിട്ടുള്ളവയില്‍ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഇത്. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ചിത്രം ആദ്യ ദിവസം കണ്ടവരില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരുണ്ട്. അതില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഉണ്ട്.

തരുണ്‍ മൂര്‍ത്തി ആദ്യ ദിനം തന്നെ ചിത്രം കണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ അറിഞ്ഞത് ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സഞ്ജയ് കെ നായരുടെ പോസ്റ്റിലൂടെയാണ്. പേട്രിയറ്റില്‍ ഒരു ചെറു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് സഞ്ജയ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായ, രാജീവ് മേനോന്‍ അവതരിപ്പിച്ച ജെ പി സുന്ദരം ഉള്ള സീനുകളിലാണ് സഞ്ജയ്‍യുടെ കഥാപാത്രം വന്നുപോകുന്നത്. ചിത്രം കണ്ട് തരുണ്‍ മൂര്‍ത്തി വാട്സ്ആപ്പില്‍ അയച്ച മെസേജിന്‍റെ സ്ക്രീന്‍ ഷോട്ടും സഞ്ജയ് പങ്കുവച്ചിട്ടുണ്ട്. ഹാപ്പി ഫോര്‍ യു മാന്‍ എന്നാണ് തരുണിന്‍റെ മെസേജ്. കണ്ടോ എന്ന് ചോദിക്കുന്ന സഞ്ജയ്‍യോട് കണ്ടുവെന്നും സഞ്ജയ്‍യുടെ കഥാപാത്രത്തിന് നല്ല സ്ക്രീന്‍ സ്പേസ് ഉണ്ട് എന്നുമാണ് മറുപടി.

Leave a Reply

Your email address will not be published. Required fields are marked *