കൊച്ചി: ദത്തെടുക്കൽ എന്നത് ഒരു കുട്ടിക്ക് പുതിയൊരു കുടുംബം ലഭിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. ആ തീരുമാനത്തിന്റെ കേന്ദ്രത്തിൽ ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ടത് കുട്ടിയുടെ സുരക്ഷയും താൽപര്യവുമാണ്. ഇതിന് കൂടുതൽ പ്രാധാന്യം നൽകുന്ന നിർദേശങ്ങളാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. ദത്തെടുക്കൽ ചട്ടം 2022 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെൽസ സമർപ്പിച്ച നിർദേശങ്ങൾ സജീവമായി പരിഗണിക്കുന്നതായി കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ നിർദേശം, ദത്തെടുക്കുന്ന നടപടികളിലും പിന്നീട് ദത്ത് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാലും കുട്ടിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള അവസരം ഉറപ്പാക്കണമെന്നതാണ്. അതോടൊപ്പം കുട്ടികൾക്ക് സ്വതന്ത്രമായ നിയമസഹായവും ലഭ്യമാക്കണമെന്നാണ് നിർദേശം. അതായത്, മുതിർന്നവർ മാത്രം തീരുമാനിക്കുന്ന ഒരു പ്രക്രിയയിൽ നിന്ന് കുട്ടിയുടെ അഭിപ്രായത്തിനും അവകാശങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്.
ദത്തെടുക്കുന്ന കുടുംബത്തെക്കുറിച്ചുള്ള ഹോം സ്റ്റഡി റിപ്പോർട്ട് കൂടുതൽ സമഗ്രമാക്കണമെന്നും നിർദേശമുണ്ട്. കുട്ടിയെ ഒരു കുടുംബത്തിലേക്ക് എത്തിക്കുന്നതിന് മുമ്പ് ആ കുടുംബത്തിന്റെ സാഹചര്യങ്ങളും കുട്ടിക്ക് ലഭിക്കാനിരിക്കുന്ന സുരക്ഷയും പിന്തുണയും കൂടുതൽ കൃത്യമായി വിലയിരുത്തണമെന്നാണ് ഇതിന്റെ ലക്ഷ്യം.
ദത്തെടുത്തതിന് ശേഷവും കുട്ടിയെ സംവിധാനത്തിന്റെ പരിധിക്ക് പുറത്താക്കരുതെന്നതും നിർദേശങ്ങളുടെ പ്രധാന ഭാഗമാണ്. കൗൺസലിങ്, വിദ്യാഭ്യാസ പിന്തുണ തുടങ്ങിയവ തുടർന്നും ലഭ്യമാക്കണം. ദത്ത് റദ്ദാക്കേണ്ടി വന്നാൽ പോലും കുട്ടിയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു.
ദത്ത് റദ്ദാക്കൽ പരമാവധി ഒഴിവാക്കുന്നതിനായി കൗൺസലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താനും അഡോപ്ഷൻ ഓംബുഡ്സ്മാൻ അല്ലെങ്കിൽ പ്രത്യേക റിവ്യൂ ബോർഡ് രൂപീകരിക്കാനും നിർദേശമുണ്ട്. ദത്തെടുക്കൽ ഒരു നിയമനടപടി മാത്രമല്ല, ഒരു കുട്ടിയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന തീരുമാനമാണ്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ താൽപര്യത്തേക്കാൾ മുൻപിൽ കുട്ടിയുടെ സുരക്ഷയും ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുക എന്നതാണ് ഈ നിർദേശങ്ങളുടെ പ്രധാന സന്ദേശം. കേന്ദ്രം ഈ നിർദേശങ്ങൾ പരിഗണിക്കുന്നതോടെ ഇന്ത്യയിലെ ദത്തെടുക്കൽ സംവിധാനത്തിൽ കുട്ടികേന്ദ്രിതമായ കൂടുതൽ ശക്തമായ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്



