ഖത്തർ: വർഷങ്ങൾക്കുമുൻപ് വെറുമൊരു മരുഭൂമിയായിരുന്നു ഖത്തർ. അതിനെ പതിനെട്ട് വർഷം കൊണ്ട് ലോകം അത്ഭുതത്തോടെ നോക്കുന്ന രാജ്യമാക്കി മാറ്റിയാണ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, ചെങ്കോൽ മകൻ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലിഫ അൽതാനിക്ക് കൈമാറിയത്. മരണം വരെ വിരമിക്കാൻ തയ്യാറാകാത്ത രാഷ്ട്രീയക്കാരുൾപ്പെടെയുള്ള ലോകത്തിന് ആ അധികാര കൈമാറ്റം പുതിയൊരു അനുഭവമായിരുന്നു. ഖത്തറിന് വേണ്ടി ഹമദ് ബിൻ ഖലീഫ അൽതാനി പലതും കരുതി വെച്ചിരുന്നു. തന്റെ ഭരണതന്ത്രം കൊണ്ട് അദ്ദേഹം അത് ഞൊടിയിടയിൽ നടപ്പാക്കി. കറുത്ത പൊന്നും കൊള്ളയടിച്ചാൽ തീരാത്ത സമ്പത്തും കൊതിച്ചാണ് ബ്രിട്ടൻ ഇന്ത്യയെ കോളനിയാക്കിയത്. തിളങ്ങുന്ന മുത്തുകളും തിളക്കുന്ന എണ്ണയും കണ്ട് മറ്റ് അറബ് രാജ്യങ്ങൾക്കൊപ്പം ഖത്തറിനെ അവർ സമ്പന്ന രാജ്യമാക്കി. 1971 സെപ്തംബർ മൂന്നിന് സ്വാതന്ത്ര്യം നേടിയ രാജ്യം പിന്നീട് ലോകത്തെയാകെ അമ്പരപ്പിച്ച് ഉദിച്ചുയരുകയായിരുന്നു.



