കൊച്ചി : പ്രേക്ഷകരെ ആവേശഭരിതരാക്കി പൃഥ്വിരാജ് – വൈശാഖ് ചിത്രം ‘ഖലീഫ’ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദർശനം തുടരുന്നു. ആദ്യ ദിനം ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’യുടെ പ്രഖ്യാപനവും റിലീസ് ദിവസം വൈകുന്നേരം അണിയറപ്രവർത്തകർ നടത്തി. പൃഥ്വിരാജിൻ്റെ മാസും ആക്ഷനും പഞ്ച് ഡയലോഗും ജേക്സ് ബിജോയിയുടെ കിടിലൻ സംഗീത സംവിധാനവും ചിത്രത്തെ വെറെ റേഞ്ചിലേക്കാണ് എത്തിച്ചിരിക്കുന്നത്. സിനിമ കണ്ടവരെല്ലാം പോസിറ്റീവ് റെസ്പോൺസാണ് നൽകുന്നത്. പൃഥ്വിരാജിൻ്റെ വ്യത്യസ്ത ലുക്കും മോഹൻലാലിൻ്റെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിൽ മറ്റ് സസ്പെൻസ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആഘോഷമാക്കാനായി ഈ ഓണത്തിന് നല്ലൊരു വിരുന്ന് തന്നെയാണ് വൈശാഖ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. പൃഥ്വിരാജിൻ്റെ ആക്ഷൻ പരിവേഷത്തോടൊപ്പം വൈശാഖിൻ്റെ ട്രേഡ്മാർക്ക് മാസ് പാക്കേജ് സംവിധാനവും ചേർന്നതോടെ സിനിമ ബോക്സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിംഗും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.



