‘നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല’; വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം

തിരുവനന്തപുരം: പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട എംഎൽഎ വി മുരളീധരനെ വിമർശിച്ച് എ എ റഹീം എംപി. നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎൽഎ എന്ന് റഹീം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

ആ സ്കൂളിൽ പലതവണ താൻ പോയിട്ടുണ്ട്. ആ മക്കളുടെ സ്നേഹവും മികവും നേരിട്ടറിഞ്ഞിട്ടുണ്ട്. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തു പിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ. ഇതേ സ്കൂളിലെ കുട്ടികളെയുംകൂട്ടി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആയിരിക്കുമ്പോൾ സിനിമ കാണാൻ പോയിട്ടുണ്ട്. മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ കുട്ടികളോടും കേരളത്തോടും എംഎൽഎ നിരുപാധികം മാപ്പ് പറയണം. മനുസ്മൃതി അല്ല അംബേദ്‌കറും ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്കെന്നും എ എ റഹീം കുറിച്ചു. തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ ഗവ. ട്രൈബൽ എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വ്യാപക വിമർശനമാണ് എംഎൽഎയ്ക്ക് എതിരെ ഉയരുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ! മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്?

അവർ മിടുക്കരായ കുട്ടികളാണ്. എല്ലാവർക്കും പ്രിയപ്പെട്ടവർ, സ്നേഹിക്കാൻ മാത്രം അറിയുന്നവർ. അവരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവർത്തി തികച്ചും അമാന്യവും ഒട്ടും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു. ഒന്നിലേറെത്തവണ ആ സ്കൂളിൽ പോകുകയും ആ മക്കളുടെ സ്നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തുപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ..

ഇതേ സ്കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എം എൽ എ സഖാവ് കടകംപള്ളി സുരേന്ദ്രൻ സിനിമ കാണാൻ പോയത്. സംസ്ഥാനത്തിന്റെ വിവിധ ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള പെൺകുട്ടികളാണ് ഈ സ്‌കൂളിലുള്ളത്. മിടുക്കരായ കുട്ടികൾ. മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എം എൽ എ നിരുപാധികം മാപ്പ് പറയണം. മനുസ്മൃതി അല്ല, അംബേദ്‌കറും ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്.”

Leave a Reply

Your email address will not be published. Required fields are marked *