ആജീവനാന്ത യാത്രാ വിലക്ക് വരെ; വിമാനത്താവളങ്ങളിൽ വീഡിയോ ചിത്രീകരിച്ചാൽ ഇനി പിടിവീഴും

ഡൽഹി: വിമാനത്താവളങ്ങൾക്കുള്ളിൽ അനുമതിയില്ലാതെ ട്രാവൽ വ്ലോഗുകളും റീലുകളും ഷോട്ടുകളും ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കാനും, ഫോണും ക്യാമറയും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനും പുതിയ നിയമപ്രകാരം സാധിക്കും. കുറ്റം ഗുരുതരമാണെങ്കിൽ യാത്രക്കാരെ ‘നോ-ഫ്ളൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തി വിമാനയാത്ര വിലക്കാനും വ്യവസ്ഥയുണ്ട്.

വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോർഡിങ് ഗേറ്റുകൾ, വിമാനത്തിന് അടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന റൺവേ ബസുകൾ,യാത്രക്കാരുടെ സുരക്ഷാ പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ (സെക്യൂരിറ്റി ചെക്ക്പോയിന്റുകൾ), വിമാനങ്ങൾ പാർക്ക് ചെയ്യുന്നതും മറ്റ് സാങ്കേതിക ജോലികൾ നടക്കുന്നതുമായ മേഖലകൾ (ആപ്രണുകൾ), വിമാനത്താവളത്തിന്‍റെ ഉള്ളിലെ മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ അതീവ സുരക്ഷാ മേഖലകളിൽ വെച്ച് ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ പാടില്ല. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ, നിരീക്ഷണ ക്യാമറകളുടെ സ്ഥാനം, പ്രവർത്തന ശൈലി എന്നിവ യാദൃശ്ചികമായിപ്പോലും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *