തിരുവനന്തപുരം: യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിലായി. കോവളം സ്വദേശി അശോകൻ (54 ), വെങ്ങാനൂർ സ്വദേശി അജിത് രാജ് ( 44 ) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം – വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം നടന്നത്. തമ്പാനൂരിലേക്കുള്ള ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി. ഈ സമയം കാറിലെത്തിയ അശോകനും അജിത് രാജും ഷെയർ ടാക്സി ആണെന്ന് പറഞ്ഞു യുവതിയെ ക്ഷണിച്ചു. വരുന്നില്ലെന്ന് യുവതി പറഞ്ഞെങ്കിലും 200 രൂപ തന്നാൽ മതിയെന്ന് പറഞ്ഞു യുവതിയെ കാറിൽ കയറ്റി.
അല്പദൂരം മുന്നോട്ട് പോയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ഒച്ചവെച്ചെങ്കിലും റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് കാറിന്റെ വേഗത കുറഞ്ഞപ്പോൾ, യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്ന് അജിത്തും അശോകനും കാറുമായി കടന്നുവെങ്കിലും യുവതി കാറിന്റെ ചിത്രം പകർത്തിയിരുന്നു. യുവതി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പകർത്തിയ കാറിന്റെ ചിത്രത്തിൽ നിന്നും രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തിയാണ് വിഴിഞ്ഞം പോലീസ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
