യുഎഫ്‌സി ഫൈറ്റർ താരം അലൻ നാസിമെന്റോ അന്തരിച്ചു

യുഎഫ്‌സി ഫ്‌ളൈവെയ്റ്റ് താരം അലൻ നാസിമെന്റോ 34-ാം വയസ്സിൽ അന്തരിച്ചു. ഉറക്കത്തിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച്ച രാവിലെയാണ് നാസിമെന്റോയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടത്. ജീവൻ രക്ഷിക്കാൻ മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.

ബ്രസീലിലെ സാവോപോളോ സ്വദേശിയായ നാസിമെന്റോ ഫ്‌ളൈവെയറ്റിലെ ശ്രദ്ധേയമായ താരങ്ങളിലൊരാളായിരുന്നു. ജൂണിലാണ് അദ്ദേഹത്തിന്റെ അവസാന പോരാട്ടം നടന്നത്. ഒക്ടഗണിലെ മത്സരത്തിൽ മിച്ച് റാപ്പോസിയോട് സ്പ്‌ളിറ്റ് ഡിസിഷനിലൂടെയാണ് അദ്ദേഹം പരാജയപ്പെട്ടത്. ഈ തോൽവിയോടെ അദ്ദേഹത്തിന്റെ കരിയർ റെക്കോർഡ് 22-7 ആയിരുന്നു. അത് കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷമാണ് അപ്രതീക്ഷിതമായ മരണവാർത്ത എത്തിയത്.

2018-ൽ ഡാന വൈറ്റിന്റെ കണ്ടന്റർ സീരീസ് വഴി ശ്രദ്ധ നേടിയ അദ്ദേഹം 2021-ലാണ് ഔദ്യോഗികമായി യുഎഫ്‌സിയിൽ അരങ്ങേറ്റം കുറിച്ചത്. യുഎഫ്‌സി കരിയറിൽ നാല് വിജയവും രണ്ട് തോൽവിയും സ്വന്തമാക്കിയ അദ്ദേഹം മികച്ച സാങ്കേതിക മികവും ഗ്രൗണ്ട് ഗെയിമും കൊണ്ട് ആരാധകരുടെ പ്രശംസ നേടിയിരുന്നു.നാസിമെന്റോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഫ്‌സി പ്രസ്താവന പുറത്തിറക്കി. ഈ ദുഃഖകരമായ സമയത്ത് നാസിമെന്റോയുടെ കുടുംബത്തിനും സുഹൃത്തുകൾക്കും പരിശീലകർക്കും പ്രിയപ്പെട്ടവർക്കും മനക്കരുത്ത് ലഭിക്കട്ടെയെന്നായിരുന്നു യുഎഫ്‌സിയുടെ അനുശോചന കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *