സൗദിയിൽ സെവൻ അബഹ നാളെ തുറക്കും

അബഹ: സൗദിയിലെ അസീർ പ്രവിശ്യയിലെ അബഹയിൽ പുതിയ വിനോദ കേന്ദ്രം നാളെ തുറക്കും. സൗദി എന്റർടൈൻമെന്റ് വെഞ്ചേഴ്‌സ് കമ്പനിയായ ‘സെവൻ’ അതിന്റെ ആദ്യത്തെ വിനോദ ഡെസ്റ്റിനേഷനായ ‘സെവൻ അബഹ’ ഓഗസ്റ്റ് അഞ്ചിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അസീർ പ്രവിശ്യയുടെ ഗവർണറും ഡെവലപ്‌മെന്റ് അതോറിറ്റി തലവനുമായ പ്രിൻസ് തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിന്റെ മേൽനോട്ടത്തിലാണ് ഉദ്​ഘാടന ചടങ്ങ്. സെവൻ അബഹ പരമ്പരാഗത വിനോദ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അസീർ പ്രദേശത്തിന്റെ സ്വത്വവും സന്ദർശകരുടെ ആവശ്യങ്ങളും മുന്നിൽകണ്ട്​ രൂപകൽപ്പന ചെയ്ത അനുഭവങ്ങളാണ് ഇവിടെ നൽകുന്നത്.

രാജ്യത്തുടനീളം 14 സംയോജിത വിനോദ കേന്ദ്രങ്ങൾ തുറക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ് ഇത്. ഇത് വിനോദ മേഖലയെ വളർത്തുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യും. അബഹ അന്താരാഷ്ട്ര വിമാനത്താവള സമുച്ചയത്തിനുള്ളിലാണ് ഈ കേന്ദ്രം. ‘നിങ്ങൾ ഇറങ്ങുന്നതിന് മുമ്പ് അസീറിലെത്തുക’ എന്ന ആശയമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് സാംസ്കാരിക, ടൂറിസം, വിനോദ കേന്ദ്രങ്ങളിലേക്ക് തുടർച്ചയായ അനുഭവമായി ഇത് മാറുന്നു. ആഗസ്റ്റ് ആറ് മുതൽ സന്ദർശകർക്ക് സെവൻ അബഹ തുറന്നുകൊടുക്കും. അസീറിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന അഞ്ച് ദിവസത്തെ ആഘോഷ പരിപാടിയുടെ ഭാഗമായാണ് ഇത്. ഫോർമുല ഇ കാർട്ടിംഗ്, ക്വാക്കൻ, ഗോൾഫ്, സൈബർ ബൗളിംഗ്, സിനിമ തുടങ്ങിയ പല അനുഭവങ്ങളും ഇവിടെ ലഭ്യമാകും.സെവൻ അബഹയുടെ ഉദ്ഘാടനം കമ്പനിയുടെ യാത്രയിലെ വഴിത്തിരിവാണെന്നും അസീറിന്റെ യഥാർത്ഥ സ്വത്വവും സാംസ്കാരിക പൈതൃകവും പ്രകൃതിയും ഇവിടെ പ്രതിഫലിക്കുന്നതായും സെവൻ കമ്പനിയുടെ ബോർഡ് ചെയർമാൻ അബ്ദുല്ല അൽ-ദാവൂദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *