ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായരണ്ട് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം വെടിവെച്ചു മരിച്ചു. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായ ബലാനി പ്രേമാംബരം ആണ് ആക്രമണം നടത്തിയത്. സിആർപിഎഫ് ജവാന്മാരായ വിഷ്ണുപ്രസാദ് ബാഗേൽ, രാംനവാൽ സിങ് യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് എഎസ്ഐയായ മാനെ ഗോവിന്ദ് ശ്രീപുലിന് പരിക്കേറ്റു.
നഗാവ് ജില്ലയിലെ കതിമാറിയിലുള്ള 34 ബറ്റാലിയിൽ ക്യാമ്പിൽ രാവിലെ ഏഴുമണിയോടെ ആണ് സംഭവം.
ക്യാമ്പിൻ്റെ പ്രധാന കവാടത്തിൽ ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്ന ബലാനി പ്രേമാംബരം സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബാരക്കിനുള്ളിൽ പോയി സ്വയം വെടിവെച്ചു മരിച്ചു.ഗാർഡ് റൂമിൽനിന്ന് എടുത്ത ഇൻസാസ് റൈഫിൾ ഉപയോഗിച്ചാണ് ബലാനി പ്രേമാംബരം ആക്രമണം നടത്തിയതെന്ന് നഗാവ് പൊലീസ് സീനിയർ സുപ്രണ്ട് പാർത്ഥ പ്രോതിം ദാസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ആദ്യം വെടിയേറ്റ വിഷ്ണുവിന് തൽക്ഷണം മരണം സംഭവിച്ചു. ഡോക്യൂമെൻ്റ് വേരിഫിക്കേഷന് എത്തിയതിനിടെ ആണ് രാംനവാൽ സിങ്ങിന് വെടിയേറ്റത്.
ഇയാളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തുടർന്ന് വെടിയേറ്റ എഎസ്ഐ മാനെ ഗോവിന്ദിന് ഗുരുതര പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
വെടിയേറ്റ എഎസ്ഐ മാനെ ഗോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ആക്രമണം നടത്തിയ ബലാനി പ്രേമാംബരം ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ആക്രമണത്തിന് പിന്നാലെ മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
