ന്യൂഡല്‍ഹി: വിമാന ടിക്കറ്റിന് അമിത നിരക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്കി സുപ്രീംകോടതി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ വിമാനക്കമ്പനികള്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സര്‍വീസ് വിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ പരിഗണിക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്.
ടിക്കറ്റ് വിലനിര്‍ണ്ണയം, നിരക്കുകളിലെ വര്‍ദ്ധനവ്, അധിക ബാഗേജ് നിരക്കുകള്‍ എന്നിവ നിയന്ത്രിക്കുന്ന കരട് ചട്ടങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടും, വിമാനക്കമ്പനികള്‍ നിരക്കുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഉത്സവങ്ങളിലും അവധി ദിവസങ്ങളിലും വിമാനക്കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ നിലവിലുള്ള ഔദ്യോഗിക മെമ്മോറാണ്ടം പോലും പാലിക്കുന്നില്ലെന്നും പരാമര്‍ശിക്കുന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി സര്‍ക്കാരിന് പ്രത്യേക നിര്‍ദേശം നല്‍കിയത്. വിമാന ടിക്കറ്റ് നിരക്കില്‍ പരിധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയും ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം നിയമങ്ങള്‍ അന്തിമമാക്കുന്നത് വരെ വിലനിര്‍ണ്ണയം സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം മൂന്ന് ആഴ്ചത്തെ സമയം കോടതിയോട് ചോദിച്ചിട്ടുണ്ട്.



