ഷാർജ : യു.എ.ഇ.യുടെ പരമ്പരാഗത മത്സ്യബന്ധന പാരമ്പര്യം ആഘോഷമാക്കിയ 13-ാമത് അൽ മലിഹ് ആൻഡ് ഫിഷിങ് ഫെസ്റ്റിവൽ ആയിരക്കണക്കിന് സന്ദർശകരുടെ പങ്കാളിത്തത്തോടെ സമാപിച്ചു. ദിബ്ബ അൽ ഹിസ്നിലെ അൽ ഹിസ്ൻ ദ്വീപിൽ ഓഗസ്റ്റ് 27 മുതൽ 30വരെ നടന്ന മേളയിൽ 14 ലക്ഷം ദിർഹത്തിന്റെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മേളയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായി. ഷാർജയിലെ പ്രമുഖ സാമ്പത്തിക, പൈതൃക, വിനോദസഞ്ചാര മേളകളിലൊന്നായി മാറാൻ ഇത്തവണത്തെ ഫെസ്റ്റിവലിന് സാധിച്ചു.
80-ലേറെ പ്രദർശകരാണ് ഇത്തവണ മേളയിൽ മാറ്റുരച്ചത്. കടൽ മേഖലയിലും സാംസ്കാരിക പൈതൃക രംഗത്തും പ്രവർത്തിക്കുന്ന 20 സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, സ്വദേശി കുടുംബങ്ങളുടെയും ചെറുകിട സംരംഭകരുടെയും 50-ലധികം സ്റ്റാളുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ, ബോട്ട് എൻജിനുകൾ എന്നിവ വിതരണം ചെയ്യുന്ന 10 പ്രമുഖകമ്പനികൾ മേളയുടെ ഭാഗമായി.



