ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന രണ്ട് ആഡംബര വാഹനങ്ങൾ പിടികൂടി

കൊച്ചി: ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി കസറ്റംസ് പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്നാണ് കൊച്ചി കസ്റ്റംസ് കാറുകള്‍ പിടിച്ചെടുത്തത്. ഓപറേഷന്‍ നുംഖോറിന്‍റെ ഭാഗമായി കൊച്ചി കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം ഇതോടെ അറുപതായി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം ഇത്തരം വാഹനങ്ങള്‍ കൈവശം വെക്കുന്ന നിരവധി പേര്‍ നിയമനടപടി നേരിടുകയാണ്.

ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ടുമണിക്കൂർ നേരം നീണ്ടുനിന്നു. ഓപ്പറേഷൻ നുംഖോറിൻ്റെ ഭാ​ഗമായി ദുൽഖറിന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കള്ളക്കടത്ത് സംഘം ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ ദുൽഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ വണ്ടികൾ ഉണ്ടെന്ന് കസ്റ്റംസിന്റെ നിഗമനം. ദുൽഖറിനെ ഇനിയും ചോദ്യം ചെയ്തേക്കുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ വണ്ടികൾ കസ്റ്റംസ് പിടികൂടിയിരിക്കുന്നത്.

നിയമപരമായ രീതിയിലാണ് താൻ കാറുകൾ വാങ്ങിയതെന്നും ഇവ കള്ളക്കടത്തിലൂടെ എത്തിയതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് നൽകിയിട്ടുള്ള മൊഴിയെന്നാണ് വിവരം. ദുൽഖർ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കറില്‍ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *