പട്‌ന: സോഷ്യൽ മീഡിയയിലൂടെ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും കുറിച്ച് ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് വന്‍ ഓഫറുമായി ബിഹാർ സർക്കാർ. ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം രൂപ വരെ പ്രതിഫലം നൽകുന്ന പുതിയ വ്യവസ്ഥകൾക്ക് മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി ‘ബിഹാർ സോഷ്യൽ മീഡിയ ആൻഡ് അദർ ഓൺലൈൻ മീഡിയ റൂൾസ്, 2026’ ചട്ടങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് സർക്കാരിന്റെ മീഡിയ ചട്ടങ്ങൾക്ക് കീഴിൽ എംപാനൽ ചെയ്തിട്ടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും അവരുടെ വീഡിയോകൾക്ക് ലഭിക്കുന്ന റീച്ചിന് അനുസരിച്ചാണ് അധിക വരുമാനം ലഭിക്കുക.
വീഡിയോ അപ്‌ലോഡ് ചെയ്ത് 30 ദിവസത്തിനുള്ളിൽ ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണമാണ് ഇതിനായി കണക്കാക്കുക. ഓരോ ഒരു ലക്ഷം വ്യൂസിനും 10,000 രൂപ വീതം ലഭിക്കും.ഇത്തരത്തിൽ ഒരു വീഡിയോയിൽ നിന്ന് പരമാവധി ഒരു ലക്ഷം രൂപ വരെ നേടാനാകും.
അംഗീകൃത ചാനലുകളുടെയും പേജുകളുടെയും ഫോളോവേഴ്‌സ് വ്യാജമല്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും, വിശദമായ വിജ്ഞാപനം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഉടൻ പുറത്തിറക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ക്രിയേറ്റർമാർക്കുള്ള ആനുകൂല്യങ്ങൾക്ക് പുറമെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും വഴിയൊരുക്കുന്ന സുപ്രധാനമായ മറ്റ് 12 തീരുമാനങ്ങൾക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടി. പൊതു പദ്ധതികളുടെ നിരീക്ഷണത്തിനും വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഡിജിറ്റൽ പരിശീലനം നൽകുന്നതിനുമായി തയ്യോ എഐ ഇന്ത്യയുമായി (Taiyo AI India Pvt Ltd) സഹകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇക്കോസിസ്റ്റം വികസിപ്പിക്കാനും തീരുമാനമായി.
കൂടാതെ, ബക്‌സറിനെയും ഭാഗൽപൂരിനെയും ബന്ധിപ്പിക്കുന്ന 336 കിലോമീറ്റർ നീളമുള്ള ആറുവരി ഗ്രീൻഫീൽഡ് എക്‌സ്പ്രസ്‌വേ, ലഖിസരായിയിലെ കജ്‌റാര സോളാർ പദ്ധതി ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കൽ എന്നിവയും യോഗം അംഗീകരിച്ചു.
കാർഷിക–ക്ഷീര മേഖലകൾക്ക് പുത്തൻ ഉണർവേകുന്ന വലിയ പദ്ധതികളും മന്ത്രിസഭ പ്രഖ്യാപിച്ചു. കർഷകർക്കായി 11,000 പുതിയ സ്വകാര്യ കുഴൽക്കിണറുകൾ സ്ഥാപിക്കാൻ 83.60 കോടി രൂപയും, ഐ.വി.എഫ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കന്നുകാലികളുടെ ഇനം മെച്ചപ്പെടുത്താൻ 63.93 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നർപത്ഗഞ്ച്, കതിഹാർ ഡിവിഷനുകളിലെ കനാൽ ശൃംഖലകൾ രണ്ട് വർഷത്തിനകം നവീകരിക്കുന്നതിനായി 66 കോടിയിലധികം രൂപയുടെ പദ്ധതികൾക്കും യോഗം ഭരണാനുമതി നൽകി.



