തിരുവനന്തപുരം: കേരളത്തിലെ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തനമെന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ തലങ്ങളിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വഴികാട്ടിയെപ്പോലെയായിരുന്നു ജ്യേഷ്ഠസഹോദരൻ കൂടിയായ ഡിജോയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ഡിജോ കാപ്പൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പാർട്ടിയുടെ ഉന്നത നേതൃനിരയിലേക്ക് അതിവേഗം ഉയർന്ന അദ്ദേഹം, തന്റെ കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയത്. ഒരു സുപ്രഭാതത്തിൽ കക്ഷി രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള ആ തീരുമാനം അദ്ദേഹത്തിന് മാത്രം എടുക്കാൻ കഴിയുന്ന ഒന്നായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ചട്ടക്കൂടിന് പുറത്ത് നിന്ന് സ്വതന്ത്രമായി ജനകീയ വിഷയങ്ങളിൽ ഇടപെടാനാണ് അദ്ദേഹം പിന്നീട് താല്പര്യം കാണിച്ചത്.
