തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വരുമെന്ന തരത്തിലുള്ള പ്രചാരണത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും, വകുപ്പുകൾ വരെ മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ എത്ര മുഖ്യമന്ത്രിയുണ്ട്. മൂന്നോ അഞ്ചോ? ഇനിയും കൂടും. കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കരുതി വകുപ്പുകൾ വരെ തീരുമാനിച്ചിരുന്നു. കാറിന്റെ കാര്യത്തിൽ മാത്രമായിരുന്നു അന്ന് ഒരു സംശയം ഉണ്ടായിരുന്നത്. അവർക്ക് ജ്യോത്സ്യരെ ചെന്ന് കണ്ടിട്ടൊക്കെയെ കാറിന്റെ നമ്പർ നിശ്ചയിക്കാൻ പറ്റുകയുള്ളൂ. അങ്ങനെ ജ്യോത്സ്യൻ പറഞ്ഞ നമ്പറൊക്കെയായി വന്നപ്പോഴാണ് ഇവിടെ റിസൽറ്റ് വേറെയായത്.” – ശിവൻകുട്ടി പരിഹസിച്ചു.
