ആലപ്പുഴ: ഇടതുപക്ഷ സർക്കാരിനും മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറിനുമെതിരെ ആക്ഷേപങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്നും ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ബി. ഗണേഷ് കുമാർ ഒരു ‘പരനാറി’ ആണെന്നും ജീവിതത്തിൽ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും അദ്ദേഹം ഒട്ടും കൊള്ളരുതാത്തവനാണ്. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകിയതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
ഭരണത്തിൽ പങ്കാളികളായ സഖാക്കൾ സുഖിച്ചുനടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അധികാരമോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോൽപ്പിച്ചത്. നേതാക്കൾക്കുണ്ടായ ധിക്കാരവും ധാർഷ്ട്യവും ഈ പരാജയത്തിന്റെ ആക്കം കൂട്ടി.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാനാണ് ചിലർ ശ്രമിക്കുന്നത്. പിണറായിയെ നേരിട്ട് എതിർക്കാൻ മടിയുള്ളതുകൊണ്ടാണ് അവർ തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്തുതരാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും താൻ ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പിണറായി വിജയന്റെ ഓഫീസിലെ ഏറ്റവും വലിയ പുഴുക്കുത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. എസ്.എൻ.ഡി.പി.ക്ക് എതിരായ കേസുകളിൽ ഇടപെട്ടുകൊണ്ട് പി. ശശി നിരന്തരം പാരകൾ വെക്കുകയായിരുന്നു. മുൻപ് നയനാരുടെ കൂടെ ഉണ്ടായിരുന്ന കാലത്തും ശശി പല വൃത്തികേടുകളും ചെയ്തിട്ടുണ്ടെന്നും മദ്യവ്യവസായിയായിരുന്ന മണിച്ചനെ തെണ്ടിച്ചത് പി. ശശിയാണെന്നും വെള്ളാപ്പള്ളി തുറന്നുപറഞ്ഞു.മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഷംസീർ യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല, മറിച്ച് മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണ്. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെങ്കിൽ ഷംസീർ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു. മതേതരത്വം പറഞ്ഞുനടന്ന ഈഴവർ ഒരിടത്തും എത്തിയിട്ടില്ലെന്നും ഇനി നൂറ് കൊല്ലം കഴിഞ്ഞാൽ പോലും കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



