ആലപ്പുഴ: സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ രാജാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യൂണിയൻകാരുടെ കൊമ്പൊടിക്കാതെ പ്രശ്നം പരിഹരിക്കപ്പെടില്ല. അതിനുള്ള ചങ്കൂറ്റം വി.ഡി. സതീശൻ സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് പദവിയൊഴിഞ്ഞ് പൂർണമായും വൈദ്യുതിമന്ത്രാലയത്തിന്റെ ചുമതല വഹിക്കണം. കേരളം നേരിടുന്നത് സമാനതകളില്ലാത്ത വൈദ്യുതിപ്രതിസന്ധിയാണ്. ആണവോർജ നിലയത്തിനും പുതിയ ജലപദ്ധതികൾക്കുമെതിരേ സമരവുമായി നടന്നപ്പോൾ തമിഴ്‌നാട് കൽപ്പാക്കത്തും കൂടംകുളത്തുമായി 1,220 മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങൾ പണിതു. ഊർജകാര്യത്തിൽ കേരളത്തെ ഈ ദുരവസ്ഥയിലെത്തിച്ചതിൽ യൂണിയൻ നേതാക്കൾക്കും അവരെ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകർത്താക്കൾക്കും പങ്കുണ്ട്.
കേന്ദ്രസർക്കാരിന്റെ ഗാർഹിക സൗരോർജ പദ്ധതി ഭംഗിയായി നടക്കുന്ന സംസ്ഥാനമാണ് കേരളം. 1,800 മെഗാവാട്ട് വൈദ്യുതി സൃഷ്ടിച്ചിട്ടും നാലിലൊന്നുപോലും ശേഖരിക്കാനുള്ള സംവിധാനമില്ല. ഊർജപ്രതിസന്ധി പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള കഠിന തീരുമാനങ്ങൾ വേണ്ടിവരും. ആണവോർജ നിലയം ഉൾപ്പടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു..



