തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിൽ പത്രിക സമർപ്പിച്ച ശേഷം പതിനായിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിജയ് തുറന്നടിച്ചു. തന്റെ അവസാന ചിത്രമായ ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞതിനും 40-ലധികം പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിന് പിന്നിലെ ഗൂഢാലോചനയ്ക്കും എതിരെ തനിക്ക് നീതി വേണമെന്ന് വിജയ് ആവശ്യപ്പെട്ടു.
എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയിയെ എതിർക്കുന്നത് എങ്ങനെയെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ജനനായകൻ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കാത്തതും കരൂർ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും നമ്മൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കും. തിരഞ്ഞെടുപ്പിൽ ആ സിനിമ ഒരു വലിയ ആയുധമാകുമെന്ന് അവർ ഭയപ്പെടുന്നു. ഇതിനെല്ലാം എനിക്ക് നീതി വേണം’- വിജയ് പറഞ്ഞു. ആഡംബര ജീവിതം ഉപേക്ഷിച്ച് ജനങ്ങൾക്കായി നിലകൊള്ളാൻ വന്നതാണെന്നും എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ ജനവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂടത്തെ ‘തിന്മയുടെ ശക്തി’ എന്ന് വിശേഷിപ്പിച്ച വിജയ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യാനും മറന്നില്ല.
