കൊച്ചി : ബിഗ്ബോസിലൂടെ തന്റെ ജീവിതം മാറിമറിഞ്ഞതിനെക്കുറിച്ച് കുറിപ്പുമായി ട്രാൻസ്‍വുമണും ബിഗ്ബോസ് താരവുമായ നാദിറ മെഹ്റിൻ. എന്നും പ്രേക്ഷകരോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും നാദിറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇതു വരെയുള്ള തന്റെ യാത്രയെക്കുറിച്ച് നാദിറ വിശദമായി കുറിപ്പിൽ സംസാരിക്കുന്നുണ്ട്. ”അഗ്നിപരീക്ഷ സീസൺ ഒന്നിലെ ജഡ്ജ് ആകാൻ സാധിച്ചതിലും ഒപ്പം സീസൺ 5-ൽ ഞാൻ ഉയർത്തിപ്പിടിച്ച എന്റെ വിജയകിരീടവും (കുടുംബം) തിരിഞ്ഞ് നോക്കുമ്പോൾ 2018-ൽ വീട്ടിൽ നിന്നും ഇറങ്ങുന്ന സാഹചര്യത്തിൽ വാപ്പ പെരുന്നാൾ കുപ്പായം എടുക്കാൻ തന്ന 2000 രൂപയും കുറച്ച് ടീഷർട്ടും പാന്റുകളും ഒപ്പം എന്തെന്നില്ലാത്ത ആവേശവും ആത്മ വിശ്വാസവും. നാദിറ എന്ന പുതിയ വേഷം ജീവിക്കാൻ തുടങ്ങിയപ്പോൾ ആ ആത്മവിശ്വാസം പെട്ടന്ന് കുറഞ്ഞു.
നിങ്ങൾ പറയുന്നപോലെ ഞാൻ അവിടെ ജീവിച്ചോളാം, ഞാൻ തിരിച്ച് വന്നോട്ടെ എന്ന് കരഞ്ഞുകൊണ്ട് ഉമ്മയെ വിളിച്ച് ചോദിച്ചത് ഇന്നും ഓർക്കുന്നു. ഞാൻ എന്റെ വീട്ടുകാരെ എല്ലാവരുടേയും മുന്നിൽ നാണം കെടുത്തി ഇറങ്ങി വന്നത് എന്റെ ഇഷ്ടങ്ങൾ നോക്കിയാണെന്നും ഇനിയും എന്റെ വീട്ടുകാർക്ക് അവിടെ ജീവിക്കാനുള്ളതാണെന്നും ഒരിക്കൽ പോലും ഓർക്കാതെ സ്വാർത്ഥത കാണിച്ച എന്നോട് ഉമ്മ പറഞ്ഞത് കുറച്ചൊന്ന് കഴിയട്ടെ എല്ലാം പഴയതുപോലെ ആകും എന്നാണ്.



