മുഴുധാന്യങ്ങൾ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറവെന്ന് പഠനം

ന്യൂഡൽഹി : മുഴുധാന്യങ്ങൾ പതിവായി കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറവെന്ന് പഠനം. പ്രതിദിനം കുറഞ്ഞത് 90ഗ്രാം ധാന്യങ്ങൾ ദീർഘകാലമായി കഴിക്കുന്ന സ്ത്രീകളിൽ ധാന്യങ്ങളുടെ ഉപയോഗം വളരെ കുറഞ്ഞ സ്ത്രീകളേക്കാൾ സ്തനാർബുദ സാധ്യത കുറവാണെന്നാണ് കണ്ടെത്തൽ. യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ പോലുള്ള ഹോർേമാണുകളുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണ അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കഴിക്കുകവഴി രക്തത്തിലെ ഈസ്ട്രജൻ നില കുറയുകയും അതുവഴി സ്തനാർബുദ സാധ്യത കുറയുമെന്നുമാണ് ഗവേഷകർ അനുമാനിക്കുന്നത്.

48 മുതൽ 83 വയസ്സുവരെ പ്രായത്തിനിടയിലുള്ള 36,479 സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഭക്ഷണരീതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യാവലികളും നൽകി. മുഴുധാന്യങ്ങൾ 45ഗ്രാമിൽ കുറവ് കഴിച്ചവർ, 45 മുതൽ 90 ഗ്രാം വരെ മിതമായി കഴിച്ചവർ, 90 ഗ്രാം കൃത്യമായി കഴിച്ചവർ എന്നിങ്ങനെയാണ് തരംതിരിച്ചത്. തുടർന്ന് 16.5 വർഷത്തോളം ഇവരെ നിരീക്ഷിക്കുകയും ചെയ്തു. പഠനകാലയളവിൽ 1979 സ്ത്രീകൾക്ക് സ്തനാർബുദം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *