എൻഡോമെട്രിയൽ കാൻസർ പ്രതിരോധത്തിൽ അമിതവണ്ണത്തിനും സമ്മർദത്തിനും വലിയ പങ്കെന്ന് ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറായ ഇമ്മാക്യുലാറ്റ ഡി വിവോ. WebMD പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ഗർഭപാത്രത്തിൻ്റെ ആവരണത്തിലെ കാൻസറായ എൻഡോമെട്രിയൽ കാൻസർ പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഇമ്മാക്യുലാറ്റ പറഞ്ഞത്. സാധാരണയായി ആർത്തവവിരാമത്തിനു ശേഷമുള്ള രോഗമായി കണക്കാക്കപ്പെട്ടിരുന്ന എൻഡോമെട്രിയൽ കാൻസർ ഇപ്പോൾ യുവതികൾക്കിടയിൽ വർധിച്ചുവരികയാണെന്ന് ഇമ്മാക്യുലാറ്റ പറഞ്ഞു. ചെറുപ്പക്കാരിൽ രോഗം വ്യാപിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണവും മെറ്റബോളിക് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും രോഗസാധ്യത കൂട്ടുമെന്നും ഇമ്മാക്യുലാറ്റ പറഞ്ഞു. 70% മുതൽ 80% വരെ എൻഡോമെട്രിയൽ കാൻസറുകൾ ശരീരഭാരം കൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു. അഡിപ്പോസ് ടിഷ്യൂ അമിതമായ ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നു, ഇത് ഗർഭപാത്രത്തിലെ ഈസ്ട്രജനും പ്രോജസ്റ്ററോണും തമ്മിലുള്ള സാധാരണ ഹോർമോൺ ബാലൻസ് തെറ്റിക്കുകയും കാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന രീതിയിൽ അതിൻ്റെ ആവരണത്തെ മാറ്റുകയും ചെയ്യും. അമിതവണ്ണമുള്ള സ്ത്രീകൾക്ക് ആരോഗ്യകരമായ ഭാരമുള്ളവരേക്കാൾ എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത രണ്ടോ നാലോ ഇരട്ടി കൂടുതലാണെന്നും ഇമ്മാക്യുലാറ്റ പറഞ്ഞു.
രക്തസ്രാവം അവഗണിക്കരുത്; എൻഡോമെട്രിയൽ കാൻസർ, ശ്രദ്ധിക്കേണ്ടത്
