അമിത് ഷാ അപമാനമാണ്

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിലെ 20 വിമത ലോക്സഭാ എംപിമാർ ‘നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന പാർട്ടിയിൽ ലയിച്ചതായുള്ള പ്രഖ്യാപനത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന് കോൺഗ്രസ്. ഇത് നിയമവിരുദ്ധമായ കൂറുമാറ്റമാണെന്നും അമിത് ഷായാണ് ഇതിന്റെ സൂത്രധാരനെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. ഒരിക്കൽ സർദാർ പട്ടേൽ വഹിച്ചിരുന്ന പദവിക്ക് തികഞ്ഞ അപമാനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെന്നും ലജ്ജയില്ലാത്ത രീതിയിൽ ഇന്ത്യൻ ജനാധിപത്യത്തെ പുതിയ താഴ്ചകളിലേക്ക് അമിത് ഷാ എത്തിച്ചിരിക്കുയാണെന്നും അദ്ദേഹം വിമർശിച്ചു. ഈ ലയനം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയാണെങ്കിൽ തൃണമൂൽ കോൺഗ്രസിന് ലോക്സഭയിൽ തങ്ങളുടെ വലിയൊരു വിഭാഗം അംഗങ്ങളെ നഷ്ടമാകും. പാർട്ടിയുടെ അംഗബലം 28-ൽ നിന്ന് എട്ടായി കുത്തനെ കുറയും. രാജ്യസഭയിലും ഇതിനകം തന്നെ പാർട്ടിയുടെ അംഗസംഖ്യ 13-ൽ നിന്ന് 10 ആയി കുറഞ്ഞിട്ടുണ്ട്. പാർലമെന്റിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ ശേഷിയെ ഇത് സാരമായി ബാധിക്കുമെന്നതാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *