ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് റിക്ഷകളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിക്കുന്നു. ഇ-റിക്ഷ ഡ്രൈവർമാരുടെ ഫെഡറേഷൻ്റേതാണ് തീരുമാനം. അടുത്ത മാസം മുതൽ മിനിമം നിരക്ക് 20 രൂപയായി വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹി ഗതാഗത വകുപ്പ് മന്ത്രി പങ്കജ് കുമാർ സിങ്ങുമായി ഇ-റിക്ഷ ഡ്രൈവർമാരും ഡീലർമാരും നിർമാതാക്കളും നടത്തിയ യോഗത്തിന് ശേഷമാണ് നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
2010 മുതൽ ഡൽഹിയിൽ പ്രവർത്തനം നടത്തുന്ന ഇ-റിക്ഷകളുടെ നിരക്കിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. ഇക്കാലയളവിൽ രണ്ടുവട്ടം ഓട്ടോറിക്ഷ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇ-റിക്ഷ നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. നിലവിൽ ആദ്യ രണ്ട് കിലോമീറ്ററിന് 10 രൂപയും തുടർന്നുള്ള കിലോമീറ്ററുകൾക്ക് അഞ്ചുരൂപ വീതവുമാണ് ഇ-റിക്ഷ ഡ്രൈവർമാർ ഈടാക്കുന്നത്. രാജ്യതലസ്ഥാനത്ത് ജീവിതച്ചെലവ് ഉയരുമ്പോൾ 10 രൂപ മിനിമം നിരക്കുകൊണ്ട് പിടിച്ചുനിൽക്കാനാവില്ലെന്ന് ഡ്രൈവർമാരുടെ യൂണിയൻ പറയുന്നു. ഡൽഹിയിൽ രണ്ട് ലക്ഷത്തിലധികം ഇ-റിക്ഷകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം തന്നെ ഒന്നരലക്ഷത്തിലധികം ഇ-റിക്ഷകൾ രജിസ്ട്രേഷൻ നടത്താതെ ഓടുന്നുണ്ട്.
അതിനിടെ, കമ്പനികൾക്ക് ഒന്നിലധികം ഇ-റിക്ഷകൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്ന 2022ലെ സർക്കുലറും ഡൽഹി ഗതാഗത വകുപ്പ് പിൻവലിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നത് കുറച്ച് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പങ്ക് കുമാർ സിങ് പറഞ്ഞു.
