മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സർക്കാർ, മുനിസിപ്പൽ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. നഗരത്തിൽ തിങ്കളാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു. അതേസമയം സർക്കാർ, സ്വകാര്യ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്നും ബിഎംസി അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മുംബൈയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഞായറാഴ്ച രാവിലെ എട്ടുമണിവരെ ഉള്ള 24 മണിക്കൂറിനിടെ പലയിടങ്ങളിലും 200 മില്ലിമീറ്റലധികം മഴ പെയ്തിറങ്ങിയെന്നാണ് ബിഎംസിയുടെ കണക്ക്. ചിലയിടങ്ങളിൽ 300 മില്ലിമീറ്ററിലധികവും മഴ ലഭിച്ചു. മഴക്കെടുതിയിൽ ഇതുവരെ സ്കൂൾ വിദ്യാർത്ഥി അടക്കം മൂന്നുപേർക്ക് ജീവൻ നഷ്ടമായി. ഞായറാഴ്ച കുർല വെസ്റ്റിൽ മരം കടപുഴകി വീണ് വയോധികൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. 63കാരനായ യൂനുസ് കുന്ദവാല ആണ് മരിച്ചത്.
മുംബൈയിൽ കനത്ത മഴ; തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
