കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താൻ പ്രദേശത്തെ സീഫുഡ് റെസ്റ്റോറന്റിൽ നിന്ന് 61 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതും മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതുമായ രണ്ട് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പിടിച്ചെടുത്ത മത്സ്യം ഉടൻ നശിപ്പിക്കുകയും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച റെസ്റ്റോറന്റിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്തിലെ റസ്റ്റോറന്റുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലുമായി പരിശോധനകൾ തുടരുമെന്ന് ഫുഡ് അതോറിറ്റി അറിയിച്ചു. കുവൈത്തിൽ ഏതാനും ദിവസങ്ങൾക്ക് വൻതോതിൽ പഴകിയ മത്സ്യം പിടികൂടിയിരുന്നു. മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്.
കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങൾക്ക് നിറം, രൂപം, ഗന്ധം എന്നിവയിൽ അസ്വാഭാവിക മാറ്റങ്ങൾ സംഭവിച്ചതായും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇവ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും കണ്ടെത്തി.
