ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭരണകൂട സംവിധാനങ്ങൾ പൂർണ്ണമായും തകർന്നുവെന്നും ഇന്ത്യയിലെ ‘കോക്രോച്ച് പാർട്ടിയുടെ’ മാതൃകയിലുള്ള യുവജന പ്രക്ഷോഭം പാകിസ്ഥാനിൽ ഉണ്ടായാൽ സകലതിനെയും അട്ടിമറിക്കുമെന്നും പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി. ഇന്ത്യയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ മാതൃകയിൽ പാകിസ്ഥാനിലും വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്. പാകിസ്ഥാനിലെ തകർന്ന ഭരണസംവിധാനങ്ങൾ അടിയന്തരമായി പരിഷ്കരിച്ചില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ച് സംസാരിക്കവെ ഇന്ത്യയിലെ കോക്രോച്ച് ജനത പാർട്ടി പ്രക്ഷോഭത്തെ പരാമർശിച്ച് നഖ്വി മുന്നറിയിപ്പ് നൽകി.
തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം നിരാശരായ യുവാക്കൾ ഒന്നിച്ചു അണിനിരന്നാൽ നിലവിലെ ഭരണസംവിധാനങ്ങളെ മൊത്തത്തിൽ കീഴ്മേൽ മറിക്കാൻ അവർക്ക് സാധിക്കുമെന്ന് നഖ്വി മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന ‘പാകിസ്ഥാൻ ഇക്കണോമിക് സമ്മിറ്റിൽ’ സംസാരിക്കവെയാണ് നിലവിലെ ഭരണ സംവിധാനം തകർന്നതായി ആഭ്യന്തര മന്ത്രി തുറന്നുസമ്മതിച്ചത്. “നാം ജീവിക്കുന്ന ഈ സംവിധാനം പൂർണ്ണമായി തകർന്നിരിക്കുകയാണ്. ഈ രീതിയിലൂടെ രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ഭരണനിർവ്വഹണ തലത്തിൽ വലിയ അഴിച്ചുപണികൾ നടത്തിയില്ലെങ്കിൽ പത്ത് വർഷം കഴിഞ്ഞാലും നമ്മൾ ഇതേ കാര്യങ്ങൾ തന്നെ ചർച്ച ചെയ്തുകൊണ്ടിരിക്കും.” – മൊഹ്സിൻ നഖ്വി പറഞ്ഞു. യുവാക്കളെ ആരെങ്കിലും ചെറുതായി കണ്ട് ഒഴിവാക്കാൻ ശ്രമിച്ചാൽ അത് വലിയ തിരിച്ചടിയാകും. അവകാശങ്ങൾ ലഭിക്കാതെ നിരാശരായ യുവാക്കൾ സംഘടിച്ചാൽ അതിനെ തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
