തിരുവനന്തപുരം: ഓണക്കാലത്ത് വില കുറഞ്ഞ അരി നൽകുന്നതിനെ ചൊല്ലി രാഷ്ട്രീയ തർക്കം. കഴിഞ്ഞ ഓണക്കാലത്ത് സർക്കാർ വില കുറച്ച് അരി വിതരണം ചെയ്തെന്നും ഇത്തവണ റേഷൻ കടകൾ വഴി ഉയർന്ന വിലയ്ക്ക് നൽകുന്നുവെന്നുമാണ് എൽ.ഡി.എഫ് ഉയർത്തുന്ന ആരോപണം. എന്നാൽ, എൽ.ഡി.എഫ് സർക്കാർ അരിക്കു പകരം കേന്ദ്രത്തോട് ഗോതമ്പ് ആവശ്യപ്പെട്ടതോടെ അരിവിഹിതം കുറഞ്ഞെന്നാണ് ഭക്ഷ്യ വകുപ്പ് തിരിച്ചടിക്കുന്നത്.
മന്ത്രി അനൂപ് ജേക്കബും മുൻമന്ത്രി ജി.ആർ അനിലുമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിൻ്റെ അരിവിഹിതത്തിൽ ജനുവരി മുതൽ 6459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടൺ അരി ലഭിച്ചിരുന്നിടത്ത് 26.835 മെട്രിക് ടൺ അരിയും 6459 മെട്രിക് ടൺ ഗോതമ്പുമാണ് ഇപ്പോൾ കിട്ടുന്നത്. ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ചതോടെയാണ് ആനുപാതികമായി അരിവിഹിതത്തിൽ കുറവുണ്ടായത്.
കേന്ദ്രവിഹിതം കുറഞ്ഞതനുസരിച്ച് ഈ മാസം 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണത്തിന് എത്തിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. കേന്ദ്രവിഹിതത്തിൽ നിന്നാണ് ഉത്സവകാലങ്ങളിൽ പ്രത്യേക അരി നൽകിയിരുന്നത്. അവശേഷിച്ച സ്റ്റോക്കിൽ നിന്ന് കഴിഞ്ഞ വിഷുവിന് അരി നൽകിയതോടെ ഓണത്തിനുള്ള സ്റ്റോക്ക് പരിമിതമായെന്നാണ് സർക്കാർ വാദം.
