ദോഹ: ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. വേനലവധി കഴിഞ്ഞ് നിരവധി യാത്രക്കാർ രാജ്യത്ത് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് നടപടി. വിമാനത്താവളത്തിലൂടെ എളുപ്പത്തിൽ കടന്നുപോകാനുള്ള നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഇമിഗ്രേഷൻ, ബഗേജ് ശേഖരണം, കുട്ടികൾക്കൊപ്പമുള്ള യാത്ര, യാത്രക്കാരെ സ്വീകരിക്കൽ എന്നിവ സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചത്.
അർഹരായ യാത്രക്കാർക്ക് ഇ-ഗേറ്റ്സ് വഴിയുള്ള Scan & Go സൗകര്യം ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ബാഗേജ് റിക്ലെയിം ഏരിയയിൽ വലിപ്പമുള്ള ബഗേജുകൾ ഉൾപ്പെടെ എല്ലാ ബാഗുകളും നിശ്ചിത ബെൽറ്റിൽ എത്തിക്കും. പുറത്തുപോകുന്നതിന് മുമ്പ് ബാഗേജ് ടാഗ് പരിശോധിച്ച് ശരിയായ ബാഗാണെന്ന് ഉറപ്പാക്കണം. ബാഗേജ് കാണാതായാൽ അറൈവൽസ് ഹാളിലെ ബാഗേജ് സർവീസ് ഓഫീസുമായി ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കിട്ടുണ്ട്.



