തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് പാലിന്റെ ഉപഭോഗം സാധാരണ ദിവസങ്ങളേക്കാൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പാൽ ഉറപ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനാ ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെയും ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. പാൽ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണത്തിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. നിർവഹിച്ചു.
രണ്ടാം ക്ഷീരവിപ്ലവത്തിന്റെ ഭാഗമായി കേരളത്തിൽ പാലുൽപാദനം വർധിപ്പിക്കുന്നതിനും ക്ഷീരകർഷകർക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും വിവിധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു.
പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം ക്ഷീരകർഷകരുടെ ഉൽപാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ജില്ലാ കളക്ടർ പ്രിയങ്ക ജി. പറഞ്ഞു. പരിശോധനാ ക്യാമ്പിലൂടെ വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാനും ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പാൽ ലഭ്യമാക്കാനും സാധിക്കും. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സാമ്പിൾ ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കളക്ടർ വ്യക്തമാക്കി.
ഓണക്കാലത്ത് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. ഗുണനിലവാരത്തിൽ സംശയമുള്ള പാൽ സാമ്പിളുകൾ ശാസ്ത്രീയമായി പരിശോധിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഉപഭോക്താക്കൾക്ക് പാൽ സംബന്ധമായ സംശയങ്ങൾക്കും ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ഇൻഫർമേഷൻ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താനും കഴിയും. ഓണക്കാലത്ത് വർധിക്കുന്ന പാലിന്റെ ആവശ്യകത നിറവേറ്റുന്നതിനൊപ്പം സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പാൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് കൂടുതൽ കരുത്തേകും. ക്ഷീരകർഷകർഉല്പാദിപ്പിക്കുന്ന പാലും മാർക്കറ്റിലുള്ള വിവിധ കമ്പനികളുടെ പാലും പരിശോധിക്കുന്നതിന് കളക്ടറേറ്റിലെ അഞ്ചാം നിലയിൽ സജ്ജീകരിച്ചിട്ടുള്ള ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ പാൽ പരിശോധനയ്ക്കായിപൊതു ജനങ്ങൾക്ക് സാമ്പിളുകൾ എത്തിക്കുന്നതനുസരിച്ച് സൗജന്യ പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു
കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷഫീന എം. അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും ക്വാളിറ്റി കൺട്രോൾ ഓഫീസറുമായ രമ്യ പി. ടെക്നിക്കൽ അസിസ്റ്റന്റ് ജാക്വിലിൻ ഡൊമനിക്, സീനിയർ ക്ഷീരവികസന ഓഫീസർ അനുമുരളി ചിറ്റേത്തുകര ക്ഷീരസംഘം പ്രസിഡന്റ് എം. എൻ. ഗിരി, മനോജ് ആർ. എന്നിവർ സംസാരിച്ചു.



