തിരുവനന്തപുരം: സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എ ഐ യുഗത്തിൽ, പുതിയ ആശയങ്ങളുമായി വരുന്ന യുവതലമുറയ്ക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ രീതിയിൽ ഭരണസംവിധാനങ്ങളും നിയമങ്ങളും മാറേണ്ടതുണ്ടെന്ന് വ്യവസായ, വാണിജ്യ ഐ ടി, എ ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സാങ്കേതിക മാറ്റങ്ങൾക്കൊപ്പം നമ്മൾ മാറാൻ തയ്യാറായില്ലെങ്കിൽ കാലഹരണപ്പെട്ടുപോകുമെന്നും, വളർന്നുവരുന്ന സംരംഭകർക്ക് വഴി ഒരുക്കാൻ സി ഡിറ്റ് സജ്ജമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി, സി ഡിറ്റിന്റെ പട്ടത്തുള്ള പുതിയ ഐ സി റ്റി കോംപ്ലക്‌സ്, എ ഐ ലാബ്, സെക്യൂരിറ്റി ലാബ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് ഐടിയുടെ മികച്ച കാലഘട്ടത്തിൽ ഇൻഫോപാർക്കും ടെക്നോപാർക്കും വന്നതുപോലെ, പുതിയ സാങ്കേതികവിദ്യയുടെ കാലത്ത് അതിനനുയോജ്യമായ ഇൻവെസ്റ്റ്മെന്റുകൾ എത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എ ഐ സംവിധാനങ്ങൾ ഉൾക്കൊള്ളാൻ സി ഡിറ്റിന് കഴിഞ്ഞിട്ടുണ്ടെന്നും, എ ഐ സാങ്കേതികവിദ്യ മൂലമുണ്ടാകുന്ന ദുരുപയോഗങ്ങളും പോരായ്മകളും പരിഹരിക്കാൻ ഇത്തരം കേന്ദ്രങ്ങൾ സഹായകമാകുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും മലയാള ഭാഷയ്ക്ക് മുൻഗണന നൽകുന്നതുമായ എ ഐ അധിഷ്ഠിത പൊതുസേവനങ്ങൾ വികസിപ്പിക്കുകയാണ് സി ഡിറ്റിന്റെ പുതിയ എ ഐ ലാബിന്റെ പ്രധാന ലക്ഷ്യം. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാനും കേൾക്കാനും ചോദ്യങ്ങൾ മനസ്സിലാക്കി മറുപടി നൽകാനും കഴിയുന്ന സംവിധാനങ്ങൾ സി-ഡിറ്റ് വികസിപ്പിക്കുന്നുണ്ട്. ശബ്ദത്തെ എഴുത്തായും എഴുത്തിനെ സ്വാഭാവിക ശബ്ദമായും മാറ്റുന്ന സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. ഒറ്റപ്പെട്ട പദ്ധതികൾക്കായി സാങ്കേതികവിദ്യ ആവർത്തിച്ച് വികസിപ്പിക്കുന്നതിന് പകരം, പുനരുപയോഗിക്കാവുന്ന പൊതു എ ഐ സംവിധാനങ്ങൾ നിർമ്മിച്ച് സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ ഡാറ്റാ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് ലാബ് പ്രവർത്തിക്കുന്നത്.



