സഹകരണ മേഖലയിൽ വിശ്വാസ് പദ്ധതി നടപ്പാക്കും: സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപകരുടെ താൽപര്യങ്ങളും നിക്ഷേപങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘വിശ്വാസ്’ എന്ന പേരിൽ സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിക്ഷേപ പ്രതിസന്ധി നേരിടുന്ന 400-ലേറെ സഹകരണ സംഘങ്ങളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വകമാറ്റൽ, തട്ടിപ്പ് തുടങ്ങിയ ഭരണപരമായ വീഴ്ചകളെ തുടർന്ന് പ്രതിസന്ധിയിലായ സംഘങ്ങളിൽ ഉത്തരവാദികളായവരിൽ നിന്ന് സർചാർജ് നടപടികളിലൂടെ തുക ഈടാക്കും. സംഘങ്ങൾക്ക് ലഭിക്കാനുള്ള വായ്പകൾ നിർബന്ധമായും പിരിച്ചെടുക്കുന്നതിനൊപ്പം ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ഉപയോഗിച്ചും നിക്ഷേപകർക്ക് തുക തിരികെ നൽകും. കൃത്യമായ മാനദണ്ഡങ്ങളും മുൻഗണനാക്രമവും പാലിച്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും നിക്ഷേപത്തുക വിതരണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.

ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുകയും തെറ്റായ ഓഡിറ്റ് റിപ്പോർട്ടുകൾ നൽകുകയും ചെയ്ത ഉദ്യോഗസ്ഥർക്കും ഓഡിറ്റർമാർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തുകയാണ് ‘വിശ്വാസ്’ പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വായ്പകൾ ഒറ്റത്തവണയായി തീർപ്പാക്കുന്നതിനുള്ള ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഇതിനകം 100 കോടിയിലധികം രൂപയുടെ സെറ്റിൽമെന്റുകൾ നടന്നിട്ടുണ്ട്. പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി എം പിമാരെയും എം എൽ എമാരെയും സമിതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദാലത്തുകളിൽ അസിസ്റ്റന്റ് രജിസ്ട്രാർ തലത്തിൽ 35 ശതമാനം വരെയും ജോയിന്റ് രജിസ്ട്രാർ തലത്തിൽ 50 ശതമാനം വരെയും സംസ്ഥാനതല സമിതിയിൽ സാധ്യമാകുന്ന മുഴുവൻ പിഴപ്പലിശ ഇളവ് അനുവദിക്കാനും ഇതിലൂടെ കഴിയും. ഓണം, മഴക്കെടുതി എന്നിവ പരിഗണിച്ച് പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

വായ്പയെടുത്തയാൾ മരണപ്പെട്ടാൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ബാധ്യത ഒഴിവാക്കുന്ന റിസ്‌ക് ഫണ്ട് പദ്ധതിയുടെ മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ആറുമാസത്തെ കുടിശ്ശികയുണ്ടായാൽ ആനുകൂല്യം നഷ്ടപ്പെടുമെന്ന വ്യവസ്ഥയിൽ മാറ്റംവരുത്തി. ഇതു 12 മാസമാക്കി ഉയർത്തിയിട്ടുണ്ട്. പദ്ധതിയിൽ ഇതുവരെ ഉൾപ്പെടാത്ത മുഴുവൻ വായ്പക്കാരെയും റിസ്‌ക് ഫണ്ടിന്റെ പരിധിയിൽ കൊണ്ടുവരും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി അംഗസമാശ്വാസ നിധിയിൽ കുടിശ്ശികയായിരുന്ന 1,695 അപേക്ഷകൾ പരിഗണിച്ച് 3.80 കോടി രൂപയുടെ സഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് വിവിധ ആനുകൂല്യങ്ങൾ ഉറപ്പാക്കും. ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളിലെ ജീവനക്കാർക്ക് 16,800 രൂപയും നഷ്ടത്തിലുള്ള സംഘങ്ങളിലെ ജീവനക്കാർക്ക് 7,000 രൂപയും ബോണസായി നൽകും. കളക്ഷൻ ഏജന്റുമാർ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി താൽക്കാലിക ജീവനക്കാരുടെ ഉത്സവ അലവൻസ് 5,500 രൂപയായി ഉയർത്തി. പെൻഷൻകാരുടെ ഉത്സവബത്ത 4,500 രൂപയായും കുടുംബ പെൻഷൻകാരുടേത് 4,400 രൂപയായും വർധിപ്പിച്ചു.

സഹകരണ വകുപ്പ് ജീവനക്കാരുടെ ഒരു വർഷമായി മുടങ്ങിക്കിടന്ന 235 സ്ഥാനക്കയറ്റങ്ങൾ അനുവദിച്ചു. പുതിയ ടീം ഓഡിറ്റ് സംവിധാനം നിലവിൽ വന്നാലും സംഘങ്ങൾക്ക് നിലവിലുള്ള സ്ലാബ് പ്രകാരമായിരിക്കും ഫീസ് ഈടാക്കുക. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്ത വകയിൽ ജീവനക്കാർക്ക് ലഭിക്കാനുള്ള ഇൻസെന്റീവ് കുടിശ്ശിക അഡ്വാൻസായി നൽകുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലയെ കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനായി നബാർഡ്, എൻസിഡിസി തുടങ്ങിയ കേന്ദ്ര ഏജൻസികളുമായി ഡൽഹിയിൽ ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുന്നതിനും പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് മേഖലയെ കൂടുതൽ വിപുലീകരിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News