കൊച്ചി: കേരളത്തിലെ ലിംഗസമത്വത്തെയും സാമൂഹിക മനോഭാവങ്ങളെയും കുറിച്ചുള്ള 2022ലെ ലോകബാങ്ക് പഠന റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ മനോഭാവങ്ങളെക്കുറിച്ചുള്ള പഠനത്തിലെ ചില കണ്ടെത്തലുകള്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് വിദഗ്ധര്‍ വിശദീകരണവുമായി രംഗത്തെത്തി. സൗദി പ്രവാസികളാണ് കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ കൂടുതല്‍ അതിക്രമം നടത്തുന്നതെന്ന നിലയില്‍ ഈ പഠനത്തെ വ്യാഖ്യാനിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് 2013ല്‍ നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയെ അടിസ്ഥാനമാക്കി 2022 മാര്‍ച്ചിലാണ് ലോകബാങ്ക് പോളിസി റിസര്‍ച്ച് വര്‍ക്കിങ് പേപ്പര്‍ പ്രസിദ്ധീകരിച്ചത്. 2013ല്‍ ശേഖരിച്ച ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം. അതിനാല്‍ ഇന്നത്തെ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് ഇത് എത്രത്തോളം ബാധകമാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലായി 14,575 കുടുംബങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഈ പഠനത്തിനായി ശേഖരിച്ചത്.
റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ലോകബാങ്കിന്റെ കണ്ടെത്തലുകളെ ‘അസ്വസ്ഥപ്പെടുത്തുന്ന റിപ്പോര്‍ട്ട്’ എന്ന് വിശേഷിപ്പിച്ച തരൂര്‍, കേരളം എക്കാലത്തും മതസൗഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്വത്തിനും ഇസ്ലാമിന്റെ ഉദാരവും പുരോഗമനപരവുമായ രീതികള്‍ക്കും പേരുകേട്ടതാണെന്ന് വ്യക്തമാക്കി. വിദേശത്തുനിന്നും യാഥാസ്ഥിതികവും പ്രതിലോമകരവുമായ മനോഭാവങ്ങള്‍ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നത് കേരളത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും, അതിനാല്‍ ‘മുസ്ലിം സമുദ്രായത്തിനകത്ത് ഗൗരവമായ ആത്മപരിശോധനയും ആഭ്യന്തര ചര്‍ച്ചയും ഉണ്ടാകണമെന്നും’ അദ്ദേഹം ആഹ്വാനം ചെയ്തു.
എന്നാല്‍, ഈ പഠനം 2013ലെ ഡേറ്റയെ അടിസ്ഥാനമാക്കിയാണെന്നും 2022ല്‍ പ്രസിദ്ധീകരിച്ച ലോകബാങ്ക് വര്‍ക്കിങ് പേപ്പര്‍ മാത്രമാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ ശശി തരൂര്‍ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്തു. വിമര്‍ശനങ്ങള്‍ ഒരു ‘ആവശ്യമായ തിരുത്തല്‍’ ആണെന്ന് അംഗീകരിച്ച അദ്ദേഹം, ‘നമുക്കെല്ലാവര്‍ക്കും കേരളം കേരളമായി തന്നെ തുടരണമെന്നാണ് ആഗ്രഹം’ എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
സാമൂഹിക ശാസ്ത്രജ്ഞനായ ഇരുദയ രാജന് ഈ കണ്ടെത്തലുകളെ കേരളത്തിന്റെ വിശാലമായ സാമൂഹിക പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍ എന്ന് അഭിപ്രായപ്പെട്ടു. ‘കേരളീയ സമൂഹത്തിലുണ്ടായിരുന്ന പൊതുവായ യാഥാസ്ഥിതിക മനോഭാവത്തിന്റെ ഭാഗമായാണ് ഇതിനെ കാണേണ്ടത്. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സൗദി പ്രവാസികള്‍ മാത്രമാണ് അതിക്രമങ്ങള്‍ക്ക് കാരണമെന്ന് ഇതിലൂടെ അര്‍ത്ഥമാക്കുന്നില്ല’ -അദ്ദേഹം വ്യക്തമാക്കി.
പഠനത്തിലെ സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രമുഖ സാമ്പത്തിക വിദഗ്ധനായ പോള്‍ നൊവോസാഡ് രംഗത്തെത്തി. റിപ്പോര്‍ട്ടിലെ അവകാശവാദങ്ങളും അടിസ്ഥാന ഡേറ്റയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2013-ലെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഈ പഠനത്തിലെ കണ്ടെത്തലുകള്‍ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രശാന്ത കുമാര്‍ റോയിയും വ്യക്തമാക്കിയിട്ടുണ്ട്.



