കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പിഴ കുടിശ്ശികയുള്ളവർക്ക് ഇനിമുതൽ വാടകക്ക് വാഹനങ്ങൾ ലഭിക്കില്ല. ട്രാഫിക് പിഴകൾ അടയ്ക്കാതെ വൈകിപ്പിക്കുന്നതും തുടർന്ന് വലിയ തുക ഉണ്ടാകുന്നത് തടയുന്നതിനുമുള്ള ഗതാഗത വകുപ്പിന്റെ പുതിയ നീക്കമാണിത്. കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വയലേഷൻ സിസ്റ്റവും കാർ റെന്റൽ കമ്പനികളും തമ്മിൽ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിച്ചതോടെയാണ് ഈ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. പുതിയ സംവിധാനത്തിലൂടെ കാർ റെന്റൽ കമ്പനികൾക്ക് ഉപഭോക്താവിന്റെ പേരിൽ അടയ്ക്കാത്ത ട്രാഫിക് പിഴകളുണ്ടോ എന്ന് തത്സമയം പരിശോധിക്കാൻ സാധിക്കും.
ട്രാഫിക് ലംഘനങ്ങളും പിഴ കുടിശ്ശികയുമുള്ള വ്യക്തികളുടെ റെക്കോർഡിൽ ‘ബ്ലോക്ക്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവരുമായി റെന്റൽ കരാറുകൾ പൂർത്തിയാക്കാനോ വാഹനം നൽകാനോ കമ്പനികൾക്ക് സാധിക്കില്ല. കുടിശ്ശികയുള്ള പിഴകൾ പൂർണമായി അടച്ച് ട്രാഫിക് റെക്കോർഡിലെ ‘ബ്ലോക്ക്’ നീക്കം ചെയ്ത ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് വാടകക്ക് വാഹനം എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയൂ.


