ന്യൂഡല്‍ഹി:ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന് ശുഭ്മാന്‍ ഗില്‍ പലപ്പോഴും ലീഡര്‍ഷിപ്പ് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായം ലഭിക്കാതെ പ്രയാസപ്പെട്ടതായി അനുഭവപ്പെട്ടുവെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.തന്റെ യുട്യൂബ് ചാനലില്‍ ടെസ്റ്റ് മത്സരം വിലയിരുത്തുമ്പോഴാണ് കൈഫ് ഇന്ത്യന്‍ നായകന്റെ പരിചയസമ്പത്തും ലീഡര്‍ഷിപ്പ് തീരുമാനങ്ങള്‍ പങ്കുവെക്കാന്‍ പോന്ന സഹതാരങ്ങള്‍ ടീമിലില്ലാത്തതിനെയും കുറിച്ച് വാചാലനായത്.
ഒന്നാം ഇന്നിംഗ്സില്‍ 503/9 ന് ഡിക്ലയര്‍ ചെയ്ത ഇന്ത്യക്ക് ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 290 ല്‍ അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നു. ലങ്കയെ ഫോളോ ഓണിന് അയക്കുമ്പോള്‍ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍, സൊനാല്‍ ദിനുഷയുടെ തകര്‍പ്പന്‍ ഫോമിന് മുന്നില്‍ ഒന്നും ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനിടെ രണ്ട് സെഞ്ച്വറികള്‍ നേടിയ ദിനുഷ ഉറച്ചു നിന്ന് പൊരുതിയപ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഒമ്പതിന് 429 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
പലപ്പോഴും സൊനാല്‍ ദിനുഷയെ പുറത്താക്കാനല്ല ഇന്ത്യ ശ്രമിച്ചത്. ദിനുഷയില്‍ നിന്ന് ഒളിച്ചോടാനുള്ള തന്ത്രങ്ങളാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബൗളര്‍മാര്‍ക്ക് പറഞ്ഞുകൊടുത്തത്. ദിനുഷ ബാറ്റ് ചെയ്യുമ്പോള്‍, ആ ഓവറിന്റെ അവസാന പന്തുകള്‍ വൈഡുകള്‍ എറിഞ്ഞ് ദിനുഷക്ക് സ്ട്രൈക്ക് നിഷേധിച്ചു. ഇന്ത്യന്‍ ടീം ഇതിന് മുമ്പ് ഇത്രയേറെ നിസഹായരായി മാറിയത് ഓര്‍മയില്ല- കൈഫ് വിലയിരുത്തി.



