തിരുവനന്തപുരം: കെസിഎല്‍ കണ്ട ഏറ്റവും വലിയ ആവേശപ്പോരാട്ടങ്ങളിലൊന്നില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ കീഴടക്കി ട്രിവാണ്‍ഡ്രം റോയല്‍സ്. വിജയസാധ്യതകള്‍ പലകുറി മാറിമറിഞ്ഞ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന ഓവറില്‍ ആഞ്ഞടിച്ച് 22 റണ്‍സ് നേടുകയും നാല് വിക്കറ്റ് വീഴ്ത്തി ടീമിന് വിജയം ഒരുക്കുകയും ചെയ്ത റോയല്‍സിന്റെ എം നിഖിലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ട്രിവാണ്‍ഡ്രം റോയല്‍സ് – 20 ഓവറില്‍ 183/6 , കാലിക്കറ്റ് ?ഗ്ലോബ് സ്റ്റാര്‍സ് – 20 ഓവറില്‍ 178/൯ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് രണ്ടാം ഓവരില്‍ തന്നെ അഭിഷേക് പി നായരുടെ (6) വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേര്‍ന്ന് കരുതലോടെയാണ് ബാറ്റ് വീശിയത്. 46 പന്തുകളില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ബൗളര്‍മാരെ സമര്‍ത്ഥമായി ഉപയോഗിച്ച രോഹന് കുന്നുമ്മലിന്റെ തന്ത്രങ്ങളും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹരികൃഷ്ണനും അഖില്‍ സ്കറിയയും റോയല്‍സിന്റെ റണ്‍റേറ്റ് ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്തി. ഒന്‍പതാം ഓവറില്‍ അഖിന് സത്താറിനെ സിക്സര്‍ പറത്തിയ കൃഷ്ണപ്രസാദ് തൊട്ടടുത്ത പന്തില്‍ അഖില്‍ സ്കറിയയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 26 പന്തുകളില്‍ 39 റണ്‍സാണ് കൃഷ്ണപ്രസാദ് നേടിയത്. അടുത്ത ഓവറില്‍ രണ്ട് റണ്‍സെടുത്ത ഗോവിന്ദ് ദേവ് പൈയും പുറത്തായി.



