കേപ്ടൗണ്‍: വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ അനായ ബംഗാറിന് അനുമതി നല്‍കിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മരിസാനെ കാപ്പ്. വനിതാ ക്രിക്കറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കോച്ചുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകളായ അനായക്ക് ഓസ്‌ട്രേലിയയില്‍ കമ്മ്യൂണിറ്റി, പ്രീമിയര്‍ വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാപ്പിന്റെ പ്രതികരണം വന്നത്.
‘തികച്ചും അസംബന്ധമാണിത്, ഇത് അനുവദിക്കാന്‍ പാടില്ല.’ ഇന്‍സ്റ്റാഗ്രാമില്‍ കാപ്പ് കുറിച്ചു. പ്രധാന മത്സരത്തിലേക്ക് മടങ്ങിവരാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് അനായ പരസ്യമായി സംസാരിച്ച് ദിവസങ്ങള്‍ക്കകമാണ് കാപ്പിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്. 2027 മാര്‍ച്ചോടെ എലീറ്റ് ക്രിക്കറ്റിലേക്ക് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനായ. ജനനസമയത്ത് ആണ്‍കുട്ടിയായിരുന്ന അനായ, മുംബൈയുടെ യൂത്ത് ക്രിക്കറ്റ് സിസ്റ്റത്തില്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്ററായും ഓള്‍റൗണ്ടറായും തിളങ്ങിയിട്ടുണ്ട്. പിന്നീട് ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള യാത്രയിലായിരുന്നു താരം.



