റിയാദ്: സൗദി അറേബ്യയിലെ അറാർ നഗരത്തിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമായി. ഇന്നലെ പുലർച്ചെ സൗദിയിൽ നിന്ന് ചന്ദ്രഗ്രഹണത്തിന്റെ ആദ്യ ഘട്ടങ്ങളാണ് നിരീക്ഷിക്കാനായത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ ദൃശ്യമായി. റബീഉൽ അവ്വൽ മാസത്തെ പൂർണ ചന്ദ്രനോടൊപ്പമാണ് ഗ്രഹണം ഉണ്ടായിരിക്കുന്നത്. അറാറിൽ ഇന്നലെ പുലർച്ചെ 4:23 AM നാണ് പെനുമ്പ്രൽ ഗ്രഹണം ആരംഭിച്ചത്. തുടർന്ന് ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് പ്രവേശിച്ചതോടെ 5.33ഓടെ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമായി.
അറാറിൽ ഗ്രഹണം ദൃശ്യമായിരുന്നത് ഏകദേശം 5:49 AM വരെ മാത്രമായിരുന്നു. തുടർന്ന് ചന്ദ്രൻ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിച്ചതോടെ പ്രദേശത്ത് ഗ്രഹണം കാണാനായില്ല. എന്നാൽ അറാറിൽ ചന്ദ്രൻ അസ്തമിച്ചതിന് ശേഷവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഗ്രഹണത്തിന്റെ തുടർഘട്ടങ്ങൾ സംഭവിച്ചിരുന്നു. സൗദിയിൽ ചന്ദ്രൻ അസ്തമിച്ചതിന് ശേഷമാണ് ഗ്രഹണം ആഗോളതലത്തിൽ അതിന്റെ പാരമ്യത്തിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകദേശം 3 മണിക്കൂറും 18 മിനിറ്റും ഗ്രഹണം നീണ്ടുനിന്നു. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ലോകത്തിന്റെ മറ്റു മേഖലകളിലും വ്യത്യസ്ത തോതിൽ ഗ്രഹണം ദൃശ്യമായി.



