യു.എ.ഇ : യു.എ.ഇ.യുടെ ഭൂതകാലത്തിന്റെ കഥ പറയുന്ന പുരാവസ്തു ശേഖരങ്ങളാലും പ്രദർശനങ്ങളാലും സമ്പന്നമാണ് ഫുജൈറ മ്യൂസിയം. ചരിത്രരേഖകൾ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കുന്നതിൽ രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങൾ നിർണായക സംഭാവനകൾ നൽകുന്നുണ്ട്. ഇമിറാത്തി സംസ്‌കാരം പര്യവേഷണം ചെയ്യാനാഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ് ഫുജൈറ മ്യൂസിയം. പൂർവികരുടെ ജീവിതരീതികളിലേക്കുള്ള നേർക്കാഴ്ചയാണിത് സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നത്. 1969-ൽ ഒറ്റമുറിയിലാണ് മ്യൂസിയം ആരംഭിച്ചത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുരാവസ്തുക്കൾ ശേഖരിക്കാൻ ആരംഭിച്ചതോടെ കലക്രമേണ മ്യൂസിയവും വലുതായി. 1991 നവംബർ 30-ന് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയാണ് മ്യൂസിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
നിലവിൽ രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും വിവരിക്കുന്ന 2100-ലേറെ പുരാവസ്തുക്കൾ മ്യൂസിയത്തിലുണ്ട്. കൃഷി, മത്സ്യബന്ധനം, വ്യാപാരം, ആയുധം, വസ്ത്രം തുടങ്ങിയവയുടെ വിപുലമായ ശേഖരങ്ങളാണ് ഇവിടെയുള്ളത്. പ്രാദേശിക കലാകാരന്മാരുടെ ഒട്ടേറെ സൃഷ്ടികളും പ്രദർശിപ്പിച്ചിട്ടുണ്ട്. പുരാതന കാലഘട്ടങ്ങളിൽ മത്സ്യബന്ധനത്തിന് എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം സന്ദർശകർക്ക് ലഭിക്കും.



