മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരെ കുടുംബ സൗഹൃദ വേദി ഭാരവാഹികൾ അദ്ദേഹത്തിന്റെ ഓഫീസിലെത്തി അനുമോദിച്ചു. നാട്ടിലെ ഭവനരഹിതർക്കും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കും നൽകിവരുന്ന ജീവകാരുണ്യ സഹായങ്ങളെ മുൻനിർത്തിയായിരുന്നു ആദരം. മാതാപിതാക്കളായ ചന്ദ്രമ്മ, മാധവൻ നായർ എന്നിവരുടെ സ്മരണാർത്ഥം സ്ഥാപിച്ച സി.എം.എൻ ട്രസ്റ്റിന്റെ കീഴിലാണ് അദ്ദേഹം വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ അമ്പതോളം വീടുകളുടെ താക്കോൽദാന ചടങ്ങ് കഴിഞ്ഞ മാസം കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചിരുന്നു.
പമ്പാവാസൻ നായരുടെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് വലിയ അഭിമാനമാണെന്ന് കുടുംബ സൗഹൃദ വേദി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കണ്ണൂർ, ചെയർമാൻ ഡി. കൃഷ്ണകുമാർ, പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ എന്നിവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് നേരിട്ടെത്തി ആശംസകളും അനുമോദനങ്ങളും അറിയിച്ചത്.



