തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു. നാൽപ്പതിനോടടുത്തുപ്രായമുള്ളവരെയും അതിനുതാഴെയുള്ളവരെയും ഉൾപ്പെടുത്തും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തുന്ന ടാലന്റ് ഹണ്ടിലൂടെയും അല്ലാതെയും അദ്ദേഹത്തിന്റെതന്നെ സ്വന്തം സംഘത്തെയാണിതിന് നിയോഗിക്കുക. അനുഭവ സമ്പത്തുള്ളവർ മേൽനോട്ടം വഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടിമേയർ ആശാനാഥ്, മഹിളാമോർച്ച അധ്യക്ഷ നവ്യഹരിദാസ്, അനൂപ് ആന്റണി തുടങ്ങിയ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടത്തിന്റെ പ്രചാരണമായ സേവാസങ്കല്പ് അഭിയാന്റെ മുൻനിരയിലെത്തും. ജെൻസീ ടീമിനെ പാർട്ടിയുടെ ഭാഗമാക്കാൻ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല രാജീവ് ചന്ദ്രശേഖറിനാണ്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം അധ്യക്ഷനായ കേരളത്തിലും മാറ്റം. തിരഞ്ഞെടുപ്പുമുന്നിൽക്കണ്ട് നാലു ജനറൽ സെക്രട്ടറിമാർക്ക് കഴിഞ്ഞദിവസം കൂടുതൽ ചുമതല നൽകി.



