സിംഗപ്പൂർ സിറ്റി: ലോകത്തിൽ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രിയുടെ ശമ്പളത്തിൽ വീണ്ടും വർധന. സിംഗപ്പൂരിലാണ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും വൻ ശമ്പള വർധന പ്രഖ്യാപിച്ചത്. പുതിയ മാറ്റത്തോടെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ ശമ്പളം 2.2 മില്യൺ സിംഗപ്പൂർ ഡോളർ (ഏകദേശം13.8 കോടി രൂപ)ഇൽ നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി (ഏകദേശം 22.9 കോടി രൂപ) ഉയർന്നു. അറുപത് ശതമാനത്തിലേറെയാണ് വർധനവ്. ലോകത്തിൽ തന്നെ പ്രധാനമന്ത്രിക്ക് ഏറ്റവുമധികം ശമ്പളം നൽകുന്ന രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിലെ സാധാരണക്കാരും രാഷ്ട്രീയ നേതാക്കൾക്കും ഇടയിലുള്ള സാമ്പത്തിക വൈരുദ്ധ്യം വലിയ രീതിയിൽ മാറ്റം വരുത്തുന്നതാണ് നടപടി.
കഴിവുള്ള ആളുകൾ നിർണായക പദവികളിലേക്ക് ആകർഷിക്കുന്നതിന് വലിയ ശമ്പളം വേണമെന്നാണ് സിംഗപ്പൂർ സർക്കാർ ശമ്പള വർധനവിനെ ന്യായീകരിച്ച് വ്യക്തമാക്കുന്നത്. ശമ്പള വർധനവിലൂടെ അധികമായി ലഭിക്കുന്ന തുക പൂർണ്ണമായും സാമൂഹിക നന്മകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സംഭാവന ചെയ്യുമെന്നാണ് ലോറൻസ് വോങ്ങ് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. അടുത്ത അഞ്ച് വർഷത്തെ തന്റെ ഭരണകാലയളവിൽ ഈ തുക ജീവകാരുണ്യ കാര്യങ്ങൾക്കായി നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 15 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി സിംഗപ്പൂരിൽ രാഷ്ട്രീയ ഭാരവാഹികളുടെ ശമ്പളം പരിഷ്കരിച്ചത്. സ്വതന്ത്ര സമിതി സമർപ്പിച്ച ശമ്പള പരിഷ്കരണ ശുപാർശകൾ ഉടൻ തന്നെ പൂർണ്ണമായി നടപ്പിലാക്കില്ലെന്നും നിലവിലെ ഘട്ടത്തിൽ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ പരമാവധി 9 ശതമാനം വരെയുള്ള ഒറ്റത്തവണ ശമ്പള ക്രമീകരണം മാത്രമാണ് നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഒരു മന്ത്രിയുടെ വാർഷിക അടിസ്ഥാന ശമ്പളം 1.1 മില്യൺ സിംഗപ്പൂർ ഡോളറിൽ നിന്ന് 1.2 മില്യൺ സിംഗപ്പൂർ ഡോളറായി ഉയരും.രാഷ്ട്രീയക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത് സങ്കീർണ്ണവും വൈകാരികവുമായ ഒരു വിഷയമാണെന്ന് ലോറൻസ് വോങ് സമ്മതിച്ചു. രാജ്യത്തെ സാധാരണ പൗരന്മാർ സമ്പാദിക്കുന്നതിനേക്കാൾ വളരെ ഉയർന്ന തുകയാണ് ഭരണാധികാരികളുടെ ശമ്പളമെന്നും, അതിനാൽ തന്നെ ജനങ്ങൾ ഈ തീരുമാനത്തെ വിമർശനാത്മകമായി കാണുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മികച്ച പ്രതിഭകളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനും അഴിമതി ഇല്ലാതാക്കാനുമാണ് സിംഗപ്പൂർ ഉയർന്ന ശമ്പള നയം സ്വീകരിച്ചുവരുന്നത്.



