ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ആദ്യ നിർണായക തീരുമാനമെടുക്കാനുള്ള അവസരം ലഭിച്ചത് ക്യാപ്റ്റൻ ജസീലാ പർവീണിനാണ്. ഷോ തുടങ്ങി 48 മണിക്കൂർ പിന്നിടുമ്പോൾ തന്നെ ഒരാളെ പുറത്താക്കാനുള്ള അധികാരം ജസീലയുടെ കൈകളിലെത്തിയപ്പോൾ, ആ തീരുമാനം നടി ഗായത്രി സുരേഷിന്റെ പുറത്താകലിലാണ് കലാശിച്ചത്. സീസൺ 8-ന്റെ പ്രധാന പ്രമേയമായ ‘ഡെമോക്രസി’യുടെ ഭാഗമായാണ് ബിഗ് ബോസ് മത്സരാർഥികൾക്ക് മുന്നിൽ അപ്രതീക്ഷിത ടാസ്ക് വച്ചത്. 100 ദിവസം കഞ്ഞിയും പയറും മാത്രം കഴിച്ച് മുന്നോട്ടുപോകുകയോ, കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്ത് പുറത്താക്കുകയോ ചെയ്യണമെന്നതായിരുന്നു മത്സരാർഥികൾക്ക് മുന്നിലുള്ള രണ്ട് വഴികൾ.
ആദ്യ ഓപ്ഷൻ സ്വീകരിച്ച് പട്ടിണി കിടക്കാൻ പോലും ചിലർ തയ്യാറാണെന്ന് അറിയിച്ചെങ്കിലും, ഗെയിം സ്പിരിറ്റാണ് പ്രധാനമെന്ന നിലപാടിലായിരുന്നു ജസീല. തുടർന്ന് നടന്ന തുറന്ന നോമിനേഷനിൽ റിനി ആൻ ജോർജ്, ഗായത്രി സുരേഷ്, ആർജെ അഞ്ജലി എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നത്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ട ചുമതല ക്യാപ്റ്റൻ ജസീലയ്ക്കായിരുന്നു. സഹായികളായ മൃദുല വിജയ്, സുമേഷ് ചന്ദ്രൻ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ജസീല ഗായത്രി സുരേഷിന്റെ പേര് പുറത്താക്കലിനായി നിർദ്ദേശിച്ചത്.
ഷോ തുടങ്ങി രണ്ടാം ദിവസം തന്നെ ഒരു മത്സരാർഥിക്ക് പുറത്തേക്കുള്ള വഴി തുറന്നത് മത്സരാർഥികളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുകയും ചെയ്തു. ഒരു മത്സരാർഥിയെ വിലയിരുത്താൻ 48 മണിക്കൂർ മാത്രം ലഭിച്ച സാഹചര്യത്തിൽ ഗായത്രിയെ തെരഞ്ഞെടുത്തതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതേസമയം,ആദ്യ വാരത്തിലെ ഒമ്പത് പേരുടെ നോമിനേഷൻ പട്ടിക നിലവിലിരിക്കെ, ഇനി സാധാരണ എവിക്ഷൻ ഉണ്ടാകുമോ എന്നതും പ്രേക്ഷകർ ഉറ്റുനോക്കുകയാണ്.



