നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ 270 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ നിവിൻ പോളിക്ക് പകരം ആദ്യം കാസറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് ആസിഫ് അലിയെയും ടൊവിനോ തോമസിനെയും ആണെന്ന് പറയുകയാണ് ചിത്രത്തിന്റെ എഴുത്തുകാരൻ കിരൺ ജോഷിയും എഡിറ്ററായിട്ടുള്ള ആകാശ് ജോസഫ് വർഗീസും.
ഒരു അഭിമുഖത്തിലാണ് പ്രതികരണം. ബെത്ലഹേമിന്റെ കഥ ആദ്യം തന്നെ ആസിഫ് അലിയോടും ടൊവിനോ തോമസിന്റെ മാനേജരോടും പറഞ്ഞിരുന്നുവെന്നും ചിത്രത്തിന്റെ എഡിറ്റർ ആകാശ് പറഞ്ഞു. എന്നാൽ ടൊവിനോയോട് നേരിട്ട് കഥ പറഞ്ഞിരുന്നോ എന്ന കാര്യത്തിൽ കൃത്യമായ അറിവില്ലെന്നും ആകാശ് വ്യക്തമാക്കി. ‘ബെത്ലഹേമിന്റെ കഥ ആസിഫിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ടൊവിനോയോട് നേരിട്ട് അല്ല. മാനേജരോടോ അങ്ങനെ എന്തോ പറഞ്ഞിട്ടുണ്ടായിരുന്നു. കൃത്യമായിട്ട് എന്താണ് അറിയില്ല. പക്ഷെ ഫസ്റ്റ് എനിക്ക് തോന്നുന്നു ടൊവിയുടെ മാനേജരോടോ അങ്ങനെ എന്തോ പറഞ്ഞിട്ടുണ്ട്. പിന്നെ ആസിഫ് ഇക്കയോട് പറഞ്ഞിട്ടുണ്ടായിരുന്നു, എനിക്ക് തോന്നുന്നു’ ആകാശ് പറഞ്ഞു.
എന്നാൽ ആ സമയത്ത് ചിത്രം മറ്റൊരു പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടിയായിരുന്നു ആലോചിച്ചിരുന്നതെന്ന് ചിത്രത്തിന്റെ എഴുത്തുകാരൻ കിരൺ പറയുന്നു. ഏകദേശം മൂന്ന്–നാല് വർഷം മുൻപുണ്ടായിരുന്ന ആ പ്രോജക്ട് പിന്നീട് പല മാറ്റങ്ങളിലൂടെയാണ് ഭാവന സ്റ്റുഡിയോസിന്റെ അടുത്തെത്തിയത്. അതോടെയാണ് ചിത്രത്തിന്റെ നായക കഥാപാത്രം നിവിൻ പോളിയിലേക്ക് എത്തിയത് എന്നും കിരൺ പറഞ്ഞു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പര്ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.



