വിവാദങ്ങൾക്കൊടുവിൽ ജേഴ്സി കാവി നിറമാക്കിയ തീരുമാനം തിരുത്തി ഹോക്കി ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ ടീം പരമ്പരാഗത നീല ജേഴ്സി തന്നെ ധരിക്കും.കാവി ജേഴ്സിയിൽ നിന്ന് നീല ജേഴ്സിയിലേക്ക് തന്നെ ഇന്ത്യൻ ടീം മാറുകയാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് ടിർക്കി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. കഴിഞ്ഞ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീം കാവി ജേഴ്സിയാണ് ധരിച്ചിരുന്നത്. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടനൽകിയിരുന്നു.നീല ടർഫുകളിൽ കളിക്കുമ്പോഴുള്ള കാഴ്ചാ വ്യക്തത മുൻനിർത്തി സാങ്കേതികപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്നായിരുന്നു ഹോക്കി ഇന്ത്യ നൽകിയ വിശദീകരണം.
എന്നാൽ, തീരുമാനത്തിനെതിരെ കായികലോകത്തുനിന്ന് വലിയ പ്രതിഷേധമുയർന്നു. ധൻരാജ് പിള്ള, വീരൻ രസ്ക്വിന, അജിത് പാൽ സിങ്, വാസുദേവൻ ഭാസ്കരൻ, പർഗത് സിങ് തുടങ്ങിയ മുൻ ക്യാപ്റ്റന്മാർ ഇതിനെതിരെ പരസ്യമായി രംഗത്തെത്തി.കൂടാതെ ഹോക്കി ഇന്ത്യയ്ക്കുള്ളിലും ഇത് കടുത്ത അഭിപ്രായ ഭിന്നതയ്ക്ക് വഴിവെച്ചു. കായിക മേഖലയിലെ കാവിവത്കരണം അടക്കമുള്ള ആരോപണങ്ങളായിരുന്നു മുൻ ക്യാപ്റ്റന്മാർ ഉയർത്തിയിരുന്നത്.



