ചൈന: മക്കൾക്കുവേണ്ടി എത്ര വേണമെങ്കിലും യാത്ര ചെയ്യാൻ തയ്യാറാവുന്ന ചില മാതാപിതാക്കളുണ്ട്. ചൈനയിൽ നിന്നുള്ള അങ്ങനെയൊരു സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ വാർത്തയാകുന്നത്. മകനെ മെഡിക്കൽ കോളേജിലാക്കാൻ ഷാഡോങ്ങിൽ നിന്ന് ഷിൻജിയാങ്ങിലേക്ക് 3,500 കിലോമീറ്റർ കാറോടിക്കുകയായിരുന്നു ഈ ചൈനീസ് കുടുംബം. ഷാഡോങ് പ്രവിശ്യയിലെ സാവോചുവാങ് സ്വദേശിയായ 18 -കാരനായ മകന് ഷിൻജിയാങ്ങിലെ കരാമായിയിലുള്ള ‘ഷിൻജിയാങ് സെക്കൻഡ് മെഡിക്കൽ കോളേജിൽ’ പ്രവേശനം ലഭിച്ചു. മകനെ ഒറ്റയ്ക്കയക്കുന്നതിന് പകരം കുടുംബത്തോടൊപ്പം കാറിൽ കൂട്ടിക്കൊണ്ടുപോകാൻ പിതാവ് ഗെങ് തീരുമാനിക്കുകയായിരുന്നു. ഗെങ്, ഭാര്യ, മകൻ, മകൾ, മരുമകൻ, ഗെങ്ങിന്റെ പിതാവ് എന്നിവരുൾപ്പെടെ ആറ് പേരാണ് നാല് ദിവസം നീണ്ട ഈ റോഡ് യാത്രയിലുണ്ടായിരുന്നത്. ഏഴ് സീറ്റുള്ള എം.പി.വി കാറിലാണ് ഇവർ യാത്ര ചെയ്തത്.
യാത്ര പുറപ്പെടുന്നതിന് മുൻപ് സാവോചുവാങ്ങിൽ നിന്ന് കരാമായിയിലേക്ക് മകനുമായി പോവുകയാണെന്ന് കാറിന്റെ പിൻവശത്തെ ചില്ലിൽ ഇവർ എഴുതിവെച്ചിരുന്നു. ഇത് വഴിയിലെ മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കുകയും, അവർ ഈ കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്തു. യാത്രയ്ക്കിടയിൽ പലയിടത്തും വാഹനം നിർത്തി കാഴ്ചകൾ കണ്ടും വിശ്രമിച്ചുമാണ് ഇവർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഷിൻജിയാങ്ങിന്റെ തലസ്ഥാനമായ ഉറുംചിയും ഇവർ സന്ദർശിച്ചു. വർഷങ്ങളായി അകന്നുകഴിഞ്ഞിരുന്ന തന്റെ സഹോദരനെ കാണാൻ ഗെങ്ങിന്റെ പിതാവിന് ഈ യാത്ര അവസരമൊരുക്കി.



