കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ ഇറാൻ ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ന് പുലർച്ചെ നടന്ന ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും കുവൈത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്‍റെയും ഗുരുതരമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ തുടരുന്നത് ശത്രുതാപരമായ സമീപനത്തിന്റെ പ്രതിഫലനമാണെന്നും മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ സംഘർഷമാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ പിരിമുറുക്കം ലഘൂകരിക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളെ ഇത്തരം നടപടികൾ ആസൂത്രിതമായി ദുർബലപ്പെടുത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.



