ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച തന്ത്രപ്രധാന സുരക്ഷാ സഖ്യമായ ‘മക്ക കരാറിൽ’ ചേരാൻ ബംഗ്ലാദേശ് ആലോചിക്കുന്നതായി റിപ്പോർട്ട്. ജിദ്ദയിൽ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച നിർണായക ചർച്ചകൾ നടന്നത്. സഖ്യത്തിലേക്ക് ചേരാൻ സൗദി അറേബ്യ ബംഗ്ലാദേശിന് ഔദ്യോഗിക ക്ഷണം നൽകിയതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അംഗരാജ്യങ്ങളിലൊന്നിന് നേരെ ആക്രമണമുണ്ടായാൽ അത് എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി കൂട്ടായി പ്രതിരോധിക്കുന്ന (‘കണക്റ്റീവ് ഡിഫൻസ്’) രീതിയിലാണ് മക്ക സഖ്യം പ്രവർത്തിക്കുന്നത്. മുൻപ് സൗദിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഓഗസ്റ്റിലാണ് സൗദിയും തുർക്കിയും പാകിസ്താനും ചേർന്ന് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പാകിസ്താനും സൗദിയുമായും നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കരാറിൽ ചേരുന്നത് ബംഗ്ലാദേശിന്റെ പരമാധികാര തീരുമാനമാണെന്നും മറ്റുള്ളവർ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ബംഗ്ലാദേശിലെ തീവ്ര യാഥാസ്ഥിതിക കക്ഷിയായ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു.



