മെസിയുമായുള്ള വാക്പോരിൽ തുറന്നുപറച്ചിലുമായി ബെല്ലിങ്ഹാം

അറ്റ്‌ലാന്‍റ: ലോകകപ്പ് സെമിഫൈനലിനിടെ അർജന്‍റീനിയൻ നായകൻ ലിയോണൽ മെസിയുമായി മൈതാനത്ത് വാക് പോരിലേര്‍പ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഇംഗ്ലീഷ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. കളിയിലുണ്ടായ ഒരു ഫൗളുമായി ബന്ധപ്പെട്ടാണ് തങ്ങൾ സംസാരിച്ചതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ അവിടെ മോശമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ബെല്ലിങ്ഹാം മത്സരശേഷം വ്യക്തമാക്കി. മത്സരത്തിനിടെ മെസിയുമായി മുഖാമുഖം നിന്ന് ബെല്ലിങ്ഹാം തർക്കിക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. യഥാർത്ഥത്തിൽ ഞങ്ങൾ തൊട്ടു മുമ്പ് നടന്ന ഒരു ഫൗളിനെക്കുറിച്ചാണ് സംസാരിച്ചത്. അവിടെ മോശമായി ഒന്നും സംഭവിച്ചിട്ടില്ല. ആളുകൾ അവരുടെ രീതിക്ക് ഇതിനെ വലിയൊരു വിവാദമാക്കുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ, സത്യത്തിൽ അവിടെ പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടില്ല. മത്സരത്തിനിടയിലെ ഒരു ഫൗളിനെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ, ‘എനിക്കെതിരെ നടന്ന ഫൗളിന്‍റെ കാര്യമോ?’ എന്ന് മെസി ചോദിച്ചു. ‘ആ ഫൗളൊക്കെ താങ്ങാനുള്ള കരുത്ത് നിങ്ങൾക്കുണ്ടല്ലോ’ എന്നാണ് ഞാൻ തിരിച്ചു പറഞ്ഞത്-ബെല്ലിങ്ഹാം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *