അർജന്‍റീന ടീമിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ

അറ്റ്‌ലാന്‍റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ നാടകീയ വിജയത്തിന് പിന്നാലെ അർജന്‍റീന ക്യാമ്പ് കനത്ത നിയമക്കുരുക്കിലേക്ക്. ഇംഗ്ലണ്ടുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ഫോക്ക്‌ലാൻഡ് ദ്വീപ്’ രാഷ്ട്രീയ തർക്കം ലോകകപ്പ് വേദിയിലേക്ക് വലിച്ചിഴച്ച കളിസ്ഥലത്തെ പെരുമാറ്റദൂഷ്യത്തിന് അര്‍ജന്‍റീനക്കെതിരെ ഫിഫ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങുന്നു. അറ്റ്ലാന്‍റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 2-1 ന് തോല്‍പിച്ച് ഫൈനൽ ടിക്കറ്റ് എടുത്തതിന് പിന്നാലെയായിരുന്നു സംഭവം. ഗാലറിയിൽ നിന്ന് ആരാധകർ കൈമാറിയ രാഷ്ട്രീയ ബാനർ വാങ്ങി അർജന്‍റീനൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും പരസ്യമായി മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു. ലാസ് മാൽവിനാസ് സൺ അർജന്‍റീനാസ് (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്‍റീനയുടേതാണ്) എന്ന് സ്പാനിഷിൽ എഴുതിയ ബാനറാണ് ഇവർ ഉയർത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് വേണ്ടി ലോ സെൽസോയും, മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഒട്ടമെൻഡിയും മുമ്പ് ബൂട്ട് കെട്ടിയിട്ടുള്ളവരാണ് എന്നതും കൗതുകകരമാണ്. മത്സരത്തിനിടയിലോ കളിക്ക് ശേഷമുള്ള ഔദ്യോഗിക സമയത്തോ രാഷ്ട്രീയപരമോ, മതപരമോ, വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും കർശനമായി വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *